Drisya TV | Malayalam News

സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് 3 പേർക്ക് ദാരുണാന്ത്യം

 Web Desk    23 Feb 2026

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും ഇതര ജില്ലകളിലേക്കുമുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടു.

കോഴിക്കോട് ബീച്ചിനു സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണാണ് മൂന്ന് തൊഴിലാളികൾ മരിച്ചത്. 2 തൊഴിലാളികൾക്കു പരുക്കേറ്റു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. വിനോദ്, പയ്യോളി സ്വദേശി കോയ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കോയ ബീച്ച് ആശുപത്രിയിലും വിനോദ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ വിനോദിന്റെ നില ഗുരുതരമാണ്. 

രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന 7 തൊഴിലാളികൾക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബ് അടർന്നു വീണത്. കെട്ടിടം പൊളിയുന്ന ശബ്ദം കേട്ട് ഓടിമാറിയ രണ്ടു തൊഴിലാളികൾ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. സ്ലാബിനടിയിൽ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി. മുൻപ് പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. താഴെനിലയുടെ സൺഷെയ്ഡാണ് തകർന്നു വീണത്. അരിപ്പൊടി ഉൾപ്പെടെയുളളവയുടെ ഗോഡൗണായാണ് കാലപ്പഴക്കമുള്ള ഈ കെട്ടിടം പ്രവർത്തിച്ചുവന്നത്. അപകടം ഉണ്ടായ ഉടനെ ഓടിക്കൂടിയ വലിയങ്ങാടിയിലെ തൊഴിലാളികളാണ് സമീപത്തെ വാഹനത്തിലെ ജാക്കി ലിവറും മറ്റും ഉപയോഗിച്ച് സ്ലാബ് ഉയർത്തി രണ്ടു പേരെ പുറത്തെടുത്ത് കാറിൽ ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഫയർഫോഴ്സ് അംഗങ്ങൾ കൂടിയെത്തി നടത്തിയ പരിശ്രമത്തിലാണ് മറ്റ് മൂന്നു പേരെ കൂടി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

  • Share This Article
Drisya TV | Malayalam News