ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ടും ഇന്ന് ആരംഭിക്കും. രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന് സമർപ്പിക്കും. രാത്രി 10ന് നന്ദഗോവിന്ദം ഭജൻസ് ഉണ്ടാകും. മാർച്ച് 3ന് ആണ് ആറ്റുകാൽ പൊങ്കാല.
3ാം ഉത്സവദിവസമായ 25ന് രാവിലെ 8.45ന് കുട്ടികളുടെ കുത്തിയോട്ട വ്രതം തുടങ്ങും. പൊങ്കാല ദിവസമായ മാർച്ച് 3ന് രാവിലെ 9.45ന് അടുപ്പ്‌വെട്ട് ചടങ്ങ് നടക്കും. ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം. രാത്രി 8.30ന് ചൂരൽകുത്ത്. രാത്രി 10.45ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്. 4ന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളിൽ അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികൾ നടക്കും. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല ഉത്സവം നടത്തുന്നത്. പൊലീസ്, റവന്യു, അഗ്നിരക്ഷാസേന, ജലഅതോറിറ്റി, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി എന്നിവ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.