Drisya TV | Malayalam News

ഇന്ത്യയും യുഎസും തമ്മിൽ തിങ്കളാഴ്‌ച ആരംഭിക്കേണ്ട ചർച്ചമാറ്റിവെച്ചു 

 Web Desk    23 Feb 2026

ഇന്ത്യയും യുഎസും തമ്മിൽ തിങ്കളാഴ്‌ച ആരംഭിക്കേണ്ട ചർച്ചമാറ്റിവെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടക്കാലവ്യാപാരക്കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇരുരാജ്യത്തിന്റെയും ചീഫ് നെഗോഷ്യേറ്റർമാർ തമ്മിൽ വാഷിങ്ടണിൽ നടത്താനിരുന്ന മൂന്നുദിവസത്തെ ചർച്ചയാണ് മാറ്റിവെച്ചത്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതിത്തീരുവ യു.എസ്. സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 23, 24, 25 തീയതികളിലായിട്ടായിരുന്നു ചർച്ച നടക്കേണ്ടിയിരുന്നത്. വ്യാപാരക്കരാർ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ വാണിജ്യ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ പറഞ്ഞത്. ഇതിന് മുന്നോടിയായുള്ള ചർച്ചകളാണ് ഇന്ന് നടക്കാനിരുന്നത്. എന്നാൽ, സുപ്രീം കോടതിയുടെ ഉത്തരവോടെ ചർച്ച മാറ്റുകയായിരുന്നുവെന്നാണ് വിവരം. രണ്ടു രാജ്യങ്ങൾക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ചനടക്കുമെന്ന് വാണിജ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയെ യുഎസ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച തീരുവ നിയമാനുസൃതമല്ലെന്നും ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 1977-ലെ നിയമം ദുരുപയോഗം ചെയ്തെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് തീരുവ റദ്ദാക്കുകയും ചെയ്‌തു. എന്നാൽ, സുപ്രീം കോടതി വിധി അംഗീകരിക്കാൻ ട്രംപ് തയ്യാറായില്ല. വിധിക്കുപിന്നാലെ വെള്ളിയാഴ്ച ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ പ്രഖ്യാപിക്കുകയുണ്ടായി. ഫെബ്രുവരി 24 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് ആദ്യം അറിയിച്ചത്. എന്നാൽ ശനിയാഴ്‌ച അദ്ദേഹം വീണ്ടും വാക്കുമാറി. 15 ശതമാനം തീരുവ ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു.

ഇന്ത്യയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 18 ശതമാനം തീരുവ ചുമത്തിയുള്ള വ്യാപാരക്കരാറിന്റെ പ്രാഥമിക രൂപരേഖ സംബന്ധിച്ച് ഇരുരാജ്യങ്ങളും ഈ മാസം ആദ്യം ധാരണയായിരുന്നു. ഈ കരാറിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.ഇന്ത്യയുമായുള്ള ബന്ധം അസാധാരണമെന്നും ട്രംപ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News