അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം, അരനൂറ്റാണ്ടിന്റെ്റെ ഇടവേള കഴിഞ്ഞ് മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്താൻ ഒരുങ്ങുന്നു. നാസയുടെ വരാനിരിക്കുന്ന 'ആർട്ടെമിസ് II' (Artemis II) ദൗത്യം മാർച്ച് ആദ്യവാരം വിക്ഷേപിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കെന്നഡി സ്പേസ് സെന്ററിൽ നടന്ന നിർണായകമായ 'വെറ്റ് ഡ്രസ് റിഹേഴ്സൽ' വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ദൗത്യത്തിന്റെ വഴി തെളിഞ്ഞത്. ഫെബ്രുവരി ആദ്യവാരം നടന്ന ആദ്യ പരീക്ഷണത്തിൽ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം അനിശ്ചിതത്വത്തിലായിരുന്നു.,
തകരാറുകൾ പരിഹരിച്ച് 7 ലക്ഷം ഗാലൻ ലിക്വിഡ് പ്രൊപ്പല്ലന്റ് റോക്കറ്റിൽ നിറച്ചുകൊണ്ടുള്ള രണ്ടാം ഘട്ട പരീക്ഷണം നാസ വിജയകരമായി പൂർത്തിയാക്കി.മാർച്ച് 6ന് (ഇന്ത്യൻ സമയം മാർച്ച് 7 പുലർച്ചെ) വിക്ഷേപണം നടക്കാനാണ് സാധ്യതയെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു.
ഭൂമിയിൽ നിന്ന് ഇതുവരെ മനുഷ്യൻ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക്, അതായത് ചന്ദ്രന്റെ അപ്പുറത്തെ വശത്തേക്ക് (Far Side of the Moon) തിരിക്കുന്നത് നാല് ബഹിരാകാശ സഞ്ചാരികളാണ്.
റീഡ് വൈസ്മാൻ (കമാൻഡർ)
വിക്ടർ ഗ്ലോവർ (പൈലറ്റ്)
ക്രിസ്റ്റീന കോക്ക് (മിഷൻ സ്പെഷ്യലിസ്റ്റ്)
ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി)
ഏകദേശം 98 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റത്തിലാണ് (SLS) ഇവർ യാത്ര തിരിക്കുക. റോക്കറ്റിന് മുകളിലുള്ള 'ഓറിയോൺ' (Orion) എന്ന ചെറിയ പേടകത്തിലാണ് സഞ്ചാരികൾ കഴിയുക. ഒരു മിനിബസ്സിനോളം മാത്രം വലിപ്പമുള്ള ഈ പേടകത്തിലാണ് പത്ത് ദിവസത്തെ ഇവരുടെ താമസം.