Drisya TV | Malayalam News

ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി,വയറ്റിൽനിന്ന് കത്രിക പുറത്തെടുത്ത് പോലീസിന് കൈമാറി 

 Web Desk    21 Feb 2026

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പ‌ിക്ക് കൈമാറി.

വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ശനിയാഴ്ച തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആർട്ടെറി ഫോർസെപ്സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.

അതേസമയം, സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു. കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ സർവീസിൽനിന്ന് സസ്പെൻഡുംചെയ്തു.

  • Share This Article
Drisya TV | Malayalam News