വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്കു പുറമേയാണ് ഇതെന്നും ട്രംപ് പറഞ്ഞു. 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കി. ഇന്ത്യയ്ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് നേരത്തെ ട്രംപ് പറഞ്ഞെങ്കിലും ആഗോള താരിഫ് ഇന്ത്യയ്ക്കും ബാധകമാകുമെന്ന് പിന്നീട് തിരുത്തി. ഇതോടെ ഇന്ത്യയ്ക്കുള്ള 18 ശതമാനം തീരുവ പത്തായി കുറഞ്ഞു. വൻ തീരുവ ചുമത്തുമെന്നു മുന്നറിയിപ്പു നൽകി ഇന്ത്യ-പാക്ക് യുദ്ധം ഉൾപ്പെടെ 5 യുദ്ധങ്ങൾ നിർത്തിച്ചെന്ന വാദവും ട്രംപ് ആവർത്തിച്ചു.