നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെ സ്റ്റീൽ, അലൂമിനിയം ഇറക്കുമതി തീരുവ ഗണ്യമായി കുറക്കാൻ യു.എസ്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജന രോഷം തണുപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷമാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചത്. ഇതേതുടർന്ന് സ്റ്റീൽ, അലൂമിനിയം എന്നിവ ഉപയോഗിച്ച് നിർമിച്ച വാഷിങ്മെഷീൻ അടക്കമുള്ള മുഴുവൻ ഉപഭോക്തൃ ഉത്പന്നങ്ങൾക്കും അധിക നികുതി ചുമത്തിയിരുന്നു.
ഇരട്ടി താരിഫിന്റെ ബാധ്യത വിദേശ കമ്പനികൾ വഹിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, അധിക പണം മുടക്കി ഉത്പന്നങ്ങൾ വാങ്ങേണ്ടി വരുന്നതിനാൽ അമേരിക്കൻ ജനത കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയതോടെയാണ് ഭരണകൂടം യു ടേൺ അടിച്ചത്.
പുതിയ പദ്ധതി പ്രകാരം ഉത്പന്നങ്ങളിലെ സ്റ്റീൽ, അലൂമിനിയം ലോഹത്തിന്റെ അളവ് അടിസ്ഥാനമാക്കി വ്യത്യസ്ത വിഭാഗങ്ങളാക്കി തരംതിരിച്ചാണ് താരിഫ് നിരക്കുകൾ നിശ്ചയിക്കുക. ട്രംപ് ഒപ്പുവെച്ചാൽ മാത്രമേ താരിഫ് വെട്ടിക്കുറക്കാനുള്ള തീരുമാനം നടപ്പാകൂ. ചില ഉത്പന്നങ്ങളിൽ ചുമത്തുന്ന താരിഫ് സംബന്ധിച്ച വ്യക്തത വരുത്താൻ ഭരണകൂടം ആലോചിക്കുന്നതായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞു.
സ്റ്റീൽ, അലുമിനിയം എന്നിവ ഉപയോഗിച്ച് നിർമിച്ച നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വർധന കുറക്കുക, ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് വില സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുക, ഇറക്കുമതിക്കാരിൽനിന്ന് കടുത്ത മത്സരം നേരിടുന്ന യു.എസിന്റെ സ്റ്റീൽ, അലൂമിനിയം കമ്പനികളെ സംരക്ഷിക്കുക എന്നിവയാണ് താരിഫ് പുനർനിർണയത്തിലൂടെ ലക്ഷ്യമിടുന്നത്. വില കുത്തനെ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനം നിരവധി ഭക്ഷ്യവസ്തുക്കളെ താരിഫിൽനിന്ന് ഒഴിവാക്കിയിരുന്നു.