ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യു.എസുമായുള്ള ബന്ധം കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വഷളായത്. കയറ്റുമതിക്ക് ട്രംപ് ഉയർന്ന താരിഫ് പ്രഖ്യാപിച്ചത് കയറ്റുമതി ശക്തിയാകാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ 50 ശതമാനം അധിക താരിഫ് ചുമത്തുകയും ചെയ്തതോടെ യു.എസിനു പുറത്തുള്ള വിപണി ലക്ഷ്യമിട്ട് ഇന്ത്യ കരുനീക്കം ശക്തമാക്കിയിരിക്കുകയാണ്.
ഒരു വർഷത്തിനിടെ യു.കെ അടക്കമുള്ള നാല് രാജ്യങ്ങളുമായാണ് ഇന്ത്യ വ്യാപാര കരാർ ഒപ്പിട്ടത്. കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിയെന്ന യു.എസിന്റെ ആവശ്യം സമ്മതിക്കാത്തതാണ് വ്യാപാര കരാർ വൈകുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എങ്കിലും ചരിത്രത്തിലാദ്യമായി അതിവേഗത്തിലാണ് ഇന്ത്യ മറ്റു വിവിധ രാജ്യങ്ങളുമായി വ്യാപാര കരാറുകൾ യാഥാർഥ്യമാക്കുന്നത്.
നിലവിൽ യൂറോപ്യൻ യൂനിയൻ, യൂറേഷ്യൻ എകണോമിക് യൂനിയൻ, മെക്സിക്കോ, ചിലി, സൗത് അമേരിക്ക മെർകോസർ വ്യാപാര ബ്ലോക്ക് തുടങ്ങിയവരുമായി വ്യാപാര ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചകൾ വിജയിച്ചാൽ ലോകത്ത് മിക്കവാറും എല്ലാ സാമ്പത്തിക ശക്തികളുമായും വ്യാപാര കരാർ ഒപ്പിടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് ന്യൂഡൽഹി ആസ്ഥാനമായ ഗ്ലോബർ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റിവിലെ (ജി.ടി.ആർ.ഐ) അജയ് ശ്രീവാസ്തവ പറഞ്ഞു. വ്യാപാര കരാർ ചർച്ചകൾ ഏറ്റവും സജീവമായ വർഷമായിരുന്നു 2025. യു.എസിനെ ഒഴിവാക്കുകയല്ല, മറിച്ച് കയറ്റുമതിക്ക് ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നതിലുള്ള അപകടം ഒഴിവാക്കുകയാണ് വ്യാപാര ചർച്ചകളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എസ് താരിഫ് വർധന ബാധിക്കുന്ന തൊഴിലധിഷ്ടിത വ്യവസായ മേഖലക്കാണ് ഭൂരിഭാഗം വ്യാപാര കരാറുകളും നേട്ടമാകുക. മൂന്ന് വർഷത്തിനുള്ളിൽ ബ്രിട്ടനിലേക്കുള്ള വസ്ത്ര കയറ്റുമതി ഇരട്ടിയാക്കാൻ വ്യാപാര കരാർ സഹായിക്കുമെന്നാണ് വസ്ത്ര കയറ്റുമതി പ്രമോഷൻ കൗൺസിൽ പറയുന്നത്. യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാര കരാർ യാഥാർഥ്യമായാൽ നേട്ടങ്ങൾ ഇതിലും വലുതായിരിക്കും. കരാർ ഒപ്പിടാൻ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ജനുവരി അവസാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ലോകത്തെ വ്യാപാര കരാറുകളിൽ ഏറ്റവും വലുതായിരിക്കുമിതെന്ന് അവർ സൂചന നൽകിയിട്ടുണ്ട്.