Drisya TV | Malayalam News

വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ 

 Web Desk    4 Jan 2026

വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാൻ സുൽത്താനേറ്റ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാർക്കും വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാക്കിയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്പർ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കിൽ വധുവോ വരനോ ഒരാൾ വിദേശിയാണെങ്കിലും, വിവാഹ കരാർ പൂർത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കൽ പരിശോധന.

വിവാഹത്തിന് മുൻപ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിൾ സെൽ അനീമിയ, തലസീമിയ, പകർച്ചവ്യാധികൾ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ ഐ വി / എയ്ഡ്സ് തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിംഗും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്കാരം.ഈ തീരുമാനം ജനിതക, പാരമ്പര്യ, പകർച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ലഭ്യമാണ്. മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്താം. ചില കേസുകളിൽ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ, വിവാഹ കരാറിന് ഏറെ മുൻപ് തന്നെ പരിശോധന പൂർത്തിയാക്കാനാണ് നിർദേശം. പരിശോധനയും കൗൺസലിംഗും പൂർത്തിയായ ശേഷം മാത്രമേ വിവാഹത്തിന് മുൻപുള്ള മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് നൽകുകയുള്ളു.

ഈ സർട്ടിഫിക്കറ്റ് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നോട്ടറി പബ്ലിക് പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കും. വധുവിനും വരനും ഇലക്ട്രോണിക് പകർപ്പ് ലഭ്യമാകും. എല്ലാ മെഡിക്കൽ വിവരങ്ങളും കർശനമായ സ്വകാര്യത പാലിച്ചായിരിക്കും കൈകാര്യം ചെയ്യുക എന്നും മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News