കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും അണയുന്നുണ്ടെങ്കിലും തീപ്പിടുത്തത്തെത്തുടർന്നുള്ള ഡയോക്സിൻ ബഹിർഗമനം കൊച്ചി നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയേക്കും. ഡയോക്തിൻ വ്യാപനം എത്രത്തോളമുണ്ട് എന്ന് കണ്ടെത്തലാണ് പ്രധാനം. ഡയോക്സിൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആ പ്രദേശത്ത് മാത്രമൊതുങ്ങില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ തന്നെ പറയുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിൽ കലർന്നും, മത്സ്യം, മാംസം, പാൽ എന്നിവ വഴി വരെ ശരീരത്തിലേക്കെത്തും. കാലങ്ങൾ നിലനിൽക്കുകയും തലമുറകളിലേക്ക് വിപത്ത് പടർത്തുകയും ചെയ്യും. ഇത് കണ്ടെത്തലാണ് പ്രധാനം.
പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കപ്പുറം കൊഴുപ്പുഗ്രന്ഥികളിലും നാഡീവ്യൂഹത്തിലും കടന്നുകയറി വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രത്യുൽപാദന തകരാറുകളുടെയും കാൻസറിന്റെയും തൈറോയ്ഡ് രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും കാരണമാകുന്ന രാസവസ്തുവാണ് ഡയോക്സിൻ. കൊച്ചിയിലെ മാലിന്യം കത്തിയത് പോലെ ദിവസങ്ങൾ നീണ്ടുനിന്ന, മുൻ അനുഭവങ്ങളില്ലാത്ത പ്രതിസന്ധിയായത് കൊണ്ടുതന്നെ, ഇതുപോലൊരു പ്രശ്നത്തിന്റെ ആരോഗ്യഡാറ്റയോ വിവരങ്ങളോ അധികൃതരുടെ പക്കലില്ല.