സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ മെട്രോ ട്രെയിൻ സബ്‌വേയിൽ കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെ എയർപോർട്ടിനും വിംകോ നഗർ ഡിപ്പോയ്ക്കും ഇടയിലെ ബ്ലൂ ലൈനിലാണ് ട്രെയിൻ കുടുങ്ങിയത്. തുരങ്കത്തിനുള്ളിൽ ട്രെയിൻ കുടുങ്ങിയതോടെ യാത്രക്കാരോടു തൊട്ടടുത്ത സ്റ്റേഷനിലേക്ക് ഇറങ്ങി നടക്കാൻ അധികൃതർ ആവശ്യപ്പെട്ടു. അരക്കിലോമീറ്റർ ദൂരമാണ് യാത്രക്കാർക്കു നടന്നുപോകേണ്ടി വന്നത്.
സാങ്കേതിക തകരാറിനെ തുടർന്ന് മെട്രോ പണിമുടക്കുന്നത് ഇതാദ്യമായല്ല. ജൂണിൽ വിമാനത്താവളത്തിലെ മെട്രോ പണിമുടക്കിയതോടെ ഗ്രീൻ, ബ്ലൂ ലൈനുകളിലെ സർവീസ് തടസപ്പെട്ടിരുന്നു. ബ്ലൂ ലൈനിലെ തകരാർ രണ്ടുമണിക്കൂറിനുള്ളിൽ പരിഹരിച്ചുവെങ്കിലും ഗ്രീൻ ലൈനിലേത് അഞ്ചുമണിക്കൂറിന് ശേഷമാണ് പരിഹരിക്കാൻ കഴിഞ്ഞത്.