Drisya TV | Malayalam News

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം- പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 ന്

 Web Desk    16 Oct 2025

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) പ്രഖ്യാപിക്കും.  കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി (FHC) മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും
       ഗ്രാമപഞ്ചായത്ത് 42 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം,  ജില്ലാ പഞ്ചായത്ത് 10 ലക്ഷം,  നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 80 ലക്ഷം രൂപയുടെ കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ജില്ല നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആശുപത്രിയുടെ ചുറ്റുമതിൽ, കിണർ നവീകരണം,റോഡ്,സോക് പിറ്റ്, ഫർണിച്ചർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ കൂടി ചെലവഴിച്ചിരുന്നു. 
        തീക്കോയി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. കുടുംബാരോഗ്യ കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്,  പി ആർ അനുപമ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാമിങ്ങ് മാനേജർ ഡോ.വ്യാസ് സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ റ്റി കുര്യൻ, ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറിൾ റോയി, സിബി റ്റി ആർ, മാളു ബി മുരുകൻ, രതീഷ് പി എസ്,  ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഡി ജോർജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എ ജെ ജോർജ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധുമോൾ കെ കെ, രാഷ്ട്രീയ പാർട്ടി   പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, ഐസക് ഐസക്,  വിനോദ് ജോസഫ്, പി എം സെബാസ്റ്റ്യൻ, ലാലി പി വി, മെഡിക്കൽ ഓഫീസർ ഡോ. ലിറ്റി തോമസ് തുടങ്ങിയവർ പങ്കെടുക്കും.

  • Share This Article
Drisya TV | Malayalam News