സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കുമിടയിൽ പുതിയ പ്ലാറ്റ് ഫോം നിലവിൽ വന്നു. സൗദി അക്രെഡിറ്റഡ് വാല്യൂവേഴ്സ് അതോറിറ്റിയാണ് 'മർജിയ' എന്ന പേരിലുള്ള പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്.
വാഹനങ്ങളുടെ കൃത്യമായ വില നിർണയിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു.
വാങ്ങൽ, വിൽക്കൽ പ്രക്രിയകളിലെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമ ങ്ങളുടെ ഭാഗമാണ് പ്ലാറ്റ്ഫോം എന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വസനീയമായ വിവിധസ്രോതസ്സുകളിൽനിന്ന് ഡേറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും 'മർജിയ' പ്ലാറ്റ്ഫോം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങളെ ആശ്രയിക്കുന്നു.
യഥാർഥ ഡാറ്റയെ ആശ്രയിക്കുന്നത് വഴി വിൽക്കുന്ന വരും വാങ്ങുന്നവരും തമ്മിലുള്ള വിലയിലെ അന്തരം കുറയ്ക്കാൻ പ്ലാറ്റ്ഫോം സഹായിക്കും. ഇത് വ്യക്തിപരമായ വിവേചനാധികാരവും ഏകപക്ഷീയമായ വിലനിർണയവും പരിമിത പ്പെടുത്തുകയും വിപണിയിലെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. വാഹനങ്ങളുടെ റെക്കോഡുകൾ, മുൻ ഉടമകളുടെ എണ്ണം, യഥാർഥ ഉപയോഗം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്ലാറ്റ് ഫോം വഴി അറിയാനാകും.
https://marjea.taqeem.gov.sa/m വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത‌് ഒമ്പത് റിയാൽ ഫീയടച്ച് തങ്ങളുടെ വാഹനത്തിന്റെ സീരിയൽ നമ്പറും നിലവിലെ ഓഡോ മീറ്റർ വിവരങ്ങളും കൊടുത്താൽ ആ വാഹനത്തിന്റെ നിലവിലുള്ള മാർക്കറ്റ് വില അറിയാനാവും. സ്വദേശികളും വിദേശികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പ്ലാറ്റ് ഫോമാണിത്.