ഷോപ്പിങ്ങിനും ബില്ലുകൾ അടക്കുന്നതിനുമാണ് കൂടുതൽപേരും ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നത്. ഒരു ക്രെഡിറ്റ് കാർഡ് കയ്യിലുള്ളവർ തന്നെ അതിന്റെ്റെ തിരിച്ചടവ് കൈകാര്യം ചെയ്യാൻ പ്രയാസമനുഭവിക്കുമ്പോഴാണ് 1638 ക്രെഡിറ്റ് കാർഡുകൾ സ്വന്തമായിവെച്ച് ഇന്ത്യക്കാരനായ മനീഷ് ധമേജ റെക്കോർഡിട്ടിരിക്കുന്നത്. ക്രെഡിറ്റ് കാർഡിന്റെ സ്ഥിരം ഉപയോഗം മാത്രമല്ല. കാർഡുകൾ ബുദ്ധിപൂർവമുപയോഗിച്ച് നേട്ടവും ഇയാൾ ഉണ്ടാക്കുന്നുണ്ട്. 2011 ഏപ്രിൽ 30 നാണ് മനേഷിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്.
സ്വന്തമായി 1638 ക്രെഡിറ്റ് കാർഡുകളാണ് മനീഷിനുള്ളത്. വെറുതെ ശേഖരിക്കുക മാത്രമല്ല ഈ കാർഡുകളിൽ നിന്നുള്ള റിവാർഡ് പോയിന്റുകൾ, കാഷ്ബാക്കുകൾ, യാത്രാ ആനുകൂല്യങ്ങൾ, ഹോട്ടൽ ആനുകൂല്യങ്ങൾ എന്നിവയെല്ലാം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. മാത്രവുമല്ല ഈ ക്രെഡിറ്റ് കാർഡുകളിലൊന്നും മനേഷിന് യാതൊരു കടബാധ്യതയുമില്ല.
“ക്രെഡിറ്റ് കാർഡുകൾ ഇല്ലാതെ എന്റെ ജീവിതം അപൂർണമായിരുന്നുവെന്ന് ഞാൻ കരുതുന്നു. എനിക്ക് ക്രെഡിറ്റ് കാർഡുകൾ വളരെ ഇഷ്ടമാണ്. റിവാർഡ് പോയിന്റുകൾ, എയർമൈലുകൾ, ക്യാഷ്ബാക്ക് എന്നിവ ഉപയോഗിച്ച് കോംപ്ലിമെന്ററി യാത്ര, റെയിൽവേ ലോഞ്ച്, എയർപോർട്ട് ലോഞ്ച്, ഭക്ഷണം, സ്പാ, ഹോട്ടൽ വൗച്ചറുകൾ, കോംപ്ലിമെന്ററി ആഭ്യന്തര വിമാന ടിക്കറ്റുകൾ, കോംപ്ലിമെന്ററി ഷോപ്പിംഗ് വൗച്ചറുകൾ, കോംപ്ലിമെന്ററി മൂവി ടിക്കറ്റുകൾ, കോംപ്ലിമെന്ററി ഗോൾഫ് സെഷനുകൾ, കോംപ്ലിമെന്ററി ഇന്ധനം തുടങ്ങിയവ ഞാൻ ആസ്വദിക്കുന്നു."- മനീഷ് പറയുന്നു.
"2016 ലെ നോട്ട് നിരോധന സമയത്ത് ക്രെഡിറ്റ് കാർഡുകൾ തനിക്കേറെ സഹായകമായെന്ന് മനേഷ് പറയുന്നു. ഞാൻ പണത്തിനായി ബാങ്കുകളിലേക്ക് പോയില്ല. പകരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡിജിറ്റലായി പണം ചിലവാക്കുന്നത് ഞാൻ ആസ്വദിക്കുകയായിരുന്നു." മനീഷ് പറഞ്ഞു.