അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ (1500 കോടി) ഡോളർ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ. യുഎസിന് പുറത്തുള്ള തങ്ങളുടെ ഏറ്റവും വലിയ എഐ ഹബ്ബ് യാഥാർഥ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.
വിശാഖപട്ടണത്താവും ഗിഗാവാട്ട് ഡാറ്റാ സെന്റർ ക്യാമ്പസ് യുഎസ് ടെക് ഭീമൻ നിർമ്മിക്കുക. എഐ ഇൻഫ്രാസ്ട്രക്ചർ, വലിയ ഊർജ്ജ സ്രോതസ്സുകൾ, വിപുലീകരിച്ച ഫൈബർ-ഓപ്റ്റിക് ശൃംഖല എന്നിവ ഉൾപ്പെടുന്നതായിരിക്കും ഇത്.
യുഎസിന് പുറത്ത് ഗൂഗിൾ നിർമിക്കാനൊരുങ്ങുന്ന ഏറ്റവും വലിയ എഐ ഹബ്ബാണിതെന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. ഭാവിയിൽ ഈ കേന്ദ്രം ഇനിയും വികസിപ്പിക്കാൻ ഗൂഗിളിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഐ രംഗത്തെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിന് കോടിക്കണക്കിന് പണം ചെലവഴിക്കുന്ന ടെക് ഭീമന്മാർക്കിടയിലെ മത്സരം ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. മൈക്രോസോഫ്റ്റും ആമസോണും ഇതിനകം ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഓപ്പൺഎഐ ഈ വർഷം അവസാനത്തോടെ ഒരു ഇന്ത്യൻ ഓഫീസ് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ചാറ്റ്ജിപിടിയുടെ ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയായി വർധിച്ചുവെന്ന് ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി.