പേമെന്റ് രംഗത്ത് സേവനം ശക്തമാക്കാൻ സോഹോ. പോയിന്റ് ഓഫ് സെയിൽ, ക്യുആർ കോഡ്, സൗണ്ട് ബോക്സ് ഉപകരണങ്ങൾ പുറത്തിറക്കിക്കൊണ്ടാണ് കമ്പനിയുടെ നീക്കം. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് ഇവ അവതരിപ്പിച്ചത്. കൂടാതെ, കമ്പനികൾക്ക് പണം സ്വീകരിക്കുന്നതിനുള്ള വെർച്വൽ അക്കൗണ്ട് സൗകര്യവും സ്വീകരിക്കുന്ന പണം വെൻഡർമാർക്കും കമ്മിഷനും മറ്റു ഫീസുകളും എല്ലാം തിരിച്ച് തീർപ്പാക്കുന്നതിനുമുള്ള പേമെന്റ് സൊലൂഷനുകളും അവതരിപ്പിച്ചു.
2024-ൽ തുടക്കമിട്ട സോഹോ പേമെന്റ്സ് എന്ന പേമെന്റ് ഗേറ്റ്‌വേ കമ്പനിയാണ് പുതിയ സേവനങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. ബാങ്കിങ് പോർട്ടലും ഗേറ്റ് വേകളും ഫിനാൻസ് ആപ്ലിക്കേഷനുകളും ബന്ധിപ്പിച്ചാണ് സംരംഭങ്ങൾ മുൻപ് ഉപഭോക്താക്കളിൽനിന്ന് പണം സ്വീകരിക്കുകയോ വെൻഡർമാർക്കു കൈമാറുകയോ ശമ്പളം വിതരണം ചെയ്യുകയോ ചെയ്തിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി ഒരു സംയോജിത സംവിധാനമാണ് സോഹോ മുന്നോട്ടുവെക്കുന്നതെന്ന് സോഹോ പേമെന്റ്സ് ടെക്നോളജീസ് സിഇഒ ശിവരാമകൃഷ്ണൻ ഈശ്വരൻ പറഞ്ഞു.
പേറോൾ പ്രൊസസിങ് ഓട്ടോമാറ്റിക്കായി ചെയ്ത് ശമ്പള വിതരണം നടത്താനുള്ള സോഹോ പേറോളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ശമ്പളവിതരണം ലളിതമാക്കാനും കൃത്യമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് കമ്പനി പറഞ്ഞു.