തദ്ദേശീയ ഭാഷാ സേവനങ്ങൾക്കായി മലയാളത്തിലെ പ്രാദേശിക സംഭാഷണ രീതികൾ മനസ്സിലാക്കാൻ കഴിയുന്ന എഐ ചാറ്റ്ബോട്ടുകൾ അവതരിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കേരള സർക്കാർ.
ഇംഗ്ലീഷിലോ ഔദ്യോഗിക മലയാള ഭാഷയിലോ വേണ്ടത്ര പ്രാവീണ്യമില്ലാത്ത ആളുകൾ നേരിടുന്ന ഭാഷാപരമായ തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.പദ്ധതി നടപ്പാക്കുന്നതിലൂടെ, സംസാര ഭാഷയിലുള്ള മലയാളത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനും സർക്കാർ സേവനങ്ങൾ വോയിസ് കമാൻഡുകൾ വഴി പ്രാദേശിക ഭാഷയിൽ ലഭ്യമാകുകയും ചെയ്യും. ഇതിനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഭാരതീയ ഭാഷാ ഇന്റർഫേസ് സംരംഭമായ 'ഭാഷിണി'യുമായി സർക്കാർ ബുധനാഴ്ച കരാർ ഒപ്പുവച്ചു.
വോയ്‌സ്-ടു-വോയ്‌സ് വിവർത്തനം, വോയ്‌സ്-ടു-ടെക്‌സ്റ്റ്, ടെക്സ്റ്റ്-ടു-ടെക്‌സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് എന്നിവ ഭാഷിനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.ഈ ടൂളുകൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. കൂടാതെ ആപ്ലിക്കേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് പരിഹാരങ്ങൾ നിർദേശിക്കുന്നതിന് അടിസ്ഥാന സോഫ്റ്റ്‌വെയർ മറ്റ് ഡെവലപ്പർമാരുമായി പങ്കിടാനും ഓപ്‌ഷൻസ് ഉണ്ട്. ഈ സേവനം ലഭ്യമാക്കുന്നതിലൂടെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വാണിജ്യ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുവാനും അതുവഴി സർക്കാരിന്റെ ചെലവ് കുറയ്ക്കാനും സാധിക്കും.