Drisya TV | Malayalam News

മൊബൈല്‍ ഡാറ്റയ്ക്ക് ഇപ്പോള്‍ ഒരു കപ്പ് ചായയേക്കാള്‍ വില കുറവാണെന്ന് പ്രധാനമന്ത്രി

 Web Desk    10 Oct 2025

ന്യൂഡല്‍ഹി യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒമ്പതാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് (ഐഎംസി) 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാറ്റാ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയുടെ ഉപഭോക്തൃ ഡാറ്റാ ചെലവ് ഇപ്പോള്‍ ഒരു കപ്പ് ചായയുടെ വിലയേക്കാള്‍ കുറവാണ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ കൈവരിച്ച മറ്റ് നേട്ടങ്ങളും അദ്ദേഹഗം എടുത്തു പറഞ്ഞു. മൊബൈല്‍ ഉത്പാദനം 28 മടങ്ങായി വര്‍ധിച്ചുവെന്നും കയറ്റുമതി 127 ശതമാനം ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തില്‍ ഫോണ്‍ നിര്‍മാണ മേഖല ലക്ഷക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ നിക്ഷേപിക്കാനും, നവീകരിക്കാനും, ഉല്‍പ്പാദിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും മോദി പറഞ്ഞു.

ഒരു അറിയപ്പെടുന്ന ആഗോള കമ്പനിയുടെ വിതരണ ശൃംഖലയില്‍ ഇപ്പോള്‍ 45 ഇന്ത്യന്‍ പ്രാദേശിക പങ്കാളികളുണ്ട്. ഇതുവഴി 3.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആപ്പിളിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഡിക്‌സണ്‍, ആംബര്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, മതര്‍സണ്‍ ഗ്രൂപ്പ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ഇപ്പോള്‍ ആപ്പിളുമായി പങ്കാളിത്തമുണ്ട്. ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 'മെയ്ഡ് ഇന്‍ ഇന്ത്യ 4ജി സ്റ്റാക്ക്' പുറത്തിറക്കിയപ്പോള്‍, ഒരു ലക്ഷം മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു. ഇതിന്റെ ഫലമായി 1.2 കോടി ആളുകള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • Share This Article
Drisya TV | Malayalam News