ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനു തോൽപിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചത്. ‘‘മൂന്ന് പ്രഹരങ്ങൾ, മറുപടി പൂജ്യം, സന്ദേശം കൈമാറിക്കഴിഞ്ഞു. ഏഷ്യാകപ്പ് ചാംപ്യൻസിന് 21 കോടി സമ്മാനം’’– ബിസിസിഐ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
ഇന്ത്യൻ താരങ്ങൾക്ക് ട്രോഫി സമ്മാനിക്കാത്തതിൽ പ്രതിഷേധവുമായി ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫി തിരികെക്കിട്ടുമെന്നാണു പ്രതീക്ഷയെന്നും ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചു. ഏഷ്യാകപ്പ് ട്രോഫിയുമായി സ്റ്റേഡിയം വിട്ട എസിസി ചെയർമാന്‍ മൊഹ്സിൻ നഖ്‍വിയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉയർത്തിയത്.