അമീബിക് മസ്തിഷ്കജ്വരം സംസ്‌ഥാനത്തു വ്യാപിക്കുന്ന സാഹചര്യത്തിൽ കർശനമായ മലിനീകരണ നിയന്ത്രണ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. നിർദേശങ്ങൾ മനപൂർവം ലംഘിക്കുന്നവർക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനു കർശനമായ വ്യവസ്‌ഥകളാണ് ഈ നിയമത്തിൽ പറയുന്നത്. ജലസ്രോതസുകൾ മലിനപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.
മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്കു കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത് അമീബിക് മസ്‌തിഷ്‌ക രോഗബാധയ്ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കടുത്ത നടപടികൾ ഉൾപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. റിസോർട്ടുകൾ, ഹോട്ടലുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം നടത്തിപ്പുകാർ ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു റജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണം. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ, കുളങ്ങൾ റിസോർട്ടുകളിലെയും, ഹോട്ടലുകളിലെയും നീന്തൽക്കുളം എന്നിവിടങ്ങളിൽ ക്ലോറിനേഷൻ പൂർത്തീകരിച്ചതിനു ശേഷം Residual Chlorine 1-3 mg/Litre (1-3 ppm) എന്ന അളവിൽ ഉണ്ടായിരിക്കണം.
കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ നടത്തണം.കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിൽ ക്ലോറിനേഷൻ പൂർത്തീകരിച്ചതിനു খ. Residual Chlorine 0.5 mg/Litre (0.5 ppm) എന്ന അളവിൽ ഉണ്ടായിരിക്കണം. ജലവിതരണ ശൃംഖലകളിൽ എല്ലായിടത്തും Residual Chlorine 0.5 mg/Litre (0.5 ppm) എന്ന അളവിൽ നിലനിർത്താൻ ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജൻസികൾ ശ്രദ്ധിക്കണം. നൈഗ്ലേരിയ ഫൗലേരി അമീബ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്ന കുടിവെള്ള വിതരണ ശൃംഖലകളിൽ ഇവയുടെ സാന്നിധ്യം ഇല്ലാതാകുന്നത് വരെ Residual Chlorine 1 mg/Litre (1 ppm) ഉണ്ടായിരിക്കേണ്ടതും ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതുമല്ല.
ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം. ജലസ്രോതസുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ജലവിതരണ ശൃംഖലകളിലെ ശുദ്ധീകരണത്തിനു ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജൻസികൾ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. എല്ലാ ജില്ലാ പബ്ലിക് ഹെൽത്ത് ഓഫിസർമാരും തങ്ങളുടെ അധികാര പരിധിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തി ആഴ്ചതോറുമുള്ള റിപ്പോർട്ട് സംസ്‌ഥാന സർവെയിലൻസ് ഓഫിസറെ അറിയിക്കണം.