ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ അനുഭവം വിവരിക്കുന്ന അമേരിക്കൻ വനിതയുടെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. വീട്ടിൽ പച്ചക്കറികൾ മുറിക്കുന്നതിനിടെ തൻ്റെ തള്ളവിരലിന് ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് ഇന്ത്യയിൽ നിന്നുണ്ടായ അനുഭവമാണ് ഡൽഹിയിൽ താമസിക്കുന്ന ക്രിസ്റ്റൻ ഫിഷർ എന്ന യുവതി ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവെക്കുന്നത്. അമിത രക്തസ്രാവം തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും പിന്നീട് വൈദ്യസഹായം തേടാൻ തീരുമാനിക്കുകയുമായിരുന്നെന്ന് ക്രിസ്റ്റൻ ഫിഷർ പറയുന്നു.
വിരൽ മുറിഞ്ഞപ്പോൾ വലിയ രീതിയിൽ രക്തസ്രാവമുണ്ടായി. ഞാനത് തടയാൻ ആവുന്നപോലെ ശ്രമിച്ചു. എന്നാൽ പരാജയപ്പെട്ടു.ഒടുവിൽ മുറിവേറ്റ വിരൽ ബാൻഡേജിൽ പൊതിഞ്ഞ് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. അവർ എന്നെ അവരുടെ ചെറിയ എമർജൻസി റൂമിലേക്ക് കൊണ്ടുവന്നു. രക്തത്തിൽ കുളിച്ച ബാൻഡേജ് ഞാൻ അവർക്ക് കാണിച്ചുകൊടുത്തു. നഴ്‌സുമാരും ഡോക്ടർമാരും രക്തസ്രാവം നിർത്താൻ ശ്രമിച്ചു, ഒടുവിൽ, ഒരു നഴ്‌സ് എന്റെ വിരൽ നന്നായി ബാൻഡേജിട്ടു തന്നു. വിരലിൽ തുന്നലിന്റെ ആവശ്യമില്ലെന്നും ഡോക്ടർമാർ എന്നോട് പറഞ്ഞു. എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ആശുപത്രി ബില്ലാണ്. ഞാൻ റിസപ്ഷനിൽ പണമടയ്ക്കാൻ പോയി, അവർ 50 രൂപ മാത്രമേ ഈടാക്കിയുള്ളൂ.ഏകദേശം 45 മിനിറ്റ് എടുത്താണ് അവർ എന്ന പരിചരിച്ചത്.നിങ്ങൾ അമേരിക്കയിലാണെങ്കിൽ എമർജൻസി വിഭാഗത്തിൽ കാൽ കുത്തിയാൽ തന്നെ കുറഞ്ഞത് 2,000 ഡോളർ(ഏകദേശം 1.76ലക്ഷം രൂപ) നിങ്ങളിൽ നിന്ന് ഈടാക്കുമെന്നും ക്രിസ്റ്റൻ ഫിഷർ പറയുന്നു.
ഈ അനുഭവം പങ്കുവെക്കുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങളുണ്ടെന്നും ക്രിസ്റ്റൻ ഫിഷർ പറയുന്നു. ഒന്ന് വീട്ടിൽ നിന്നും സൈക്കിളിൽ എത്തിച്ചേരാവുന്നത്ര അടുത്തായിരുന്നു ആശുപത്രി.ഇന്ത്യയിൽ ഡോക്ടർമാർ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയിൽ എളുപ്പത്തിൽ എത്തിച്ചേരാം.ആവശ്യമെങ്കിൽ അടിയന്തര സഹായം ലഭിക്കാൻ മിനിറ്റുകൾ മാത്രം മതിയെന്നറിയുമ്പോൾ, ഇന്ത്യയിൽ ജീവിക്കുന്നത് എനിക്ക് വളരെ സുരക്ഷിതമാണെന്ന് തോന്നുന്നു.
"രണ്ട്. ഈ സംഭവത്തിൽ എന്നോട് 50 രൂപ മാത്രമേ അവർ ഈടാക്കിയുള്ളൂ. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ ആരോഗ്യ രംഗം ഏതൊരാൾക്കും ഏതൊരാൾക്കും താങ്ങാനാവുന്നതാണെന്നും ഇന്ത്യൻ ആരോഗ്യ സംരക്ഷണത്തെ ഞാൻ ഇത്രയധികം സ്നേഹിക്കുന്നതിന്റെ മറ്റൊരു കാരണം കൂടിയാണിതെന്നും ക്രിസ്റ്റൻ ഫിഷർ പറയുന്നു.
127,00 പേരാണ് ക്രിസ്റ്റൻ ഫിഷറിൻ്റെ വിഡിയോ ഇതിനോടകം തന്നെ കണ്ടത്. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണം ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് നിരവധി പേർ കമന്റ് ചെയ്തു.