Drisya TV | Malayalam News

മൂർഖനും ശംഖുവരയനും ചത്തശേഷവും ആറുമണിക്കൂർ വരെ വിഷം വമിപ്പിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തൽ

 Web Desk    21 Aug 2025

അസമിലെ ജന്തുശാസ്ത്രജ്ഞരുടെയും ആരോഗ്യ വിദഗ്ധരുടെയും ഒരു സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അന്താരാഷ്ട്ര ജേണലായ ഫ്രോണ്ടിയേഴ്‌സ് ഇൻ ട്രോപ്പിക്കൽ ഡിസീസിന്റെ ഏറ്റവും പുതിയ ലക്കത്തിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുവോളജിസ്റ്റായ സുസ്മിത ഥാക്കൂർ, ബയോടെക്‌നോളജിസ്റ്റ് റോബിൻ ദോലെ, അനെസ്തേഷ്യോളജിസ്റ്റ് സുജിത് ഗിരി, പിഡിയാട്രീഷ്യന്മാരായ ഗൗരവ് ചൗധരി, ഹെമിൻ നാഥ് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്. ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠത്തിൽ പറയുന്നത്. അതിൽ രണ്ട് കേസ് ചത്ത മൂർഖൻ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഈ മൂന്ന് കേസും നടന്നത്. 20 ഡോസ് ആന്റിവെനം നൽകിയാണ് കടിയേറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. 25 ദിവസത്തോളം ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റാറ്റിൽ സ്നേക്സ്, കോപ്പർഹെഡ്സ്, സ്പിറ്റിംഗ് കോബ്ര, ഓസ്ട്രേലിയൻ റെഡ് ബെല്ലീ ബ്ലാക്ക് സ്നേക്സ് എന്നിവയ്ക്ക് ചത്തശേഷവും കടിക്കാനും മനുഷ്യനെയും മൃഗങ്ങളെയും കൊല്ലാനുമുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ചത്തശേഷവും കടിക്കാൻ മൂർഖനും ശംഖുവരയനും കഴിയുമെന്നാണ് അസമിലെ സംഭവങ്ങൾ തെളിക്കുന്നതെന്ന് ഗവേഷക സംഘത്തിലെ ഡോ. സുരജിത് ഗിരി പറയുന്നു.

ഉഷ്ണരക്തമുള്ള സസ്തനികളുടെ ജീവൻ നഷ്ടമാവുകയോ തലയറുക്കപ്പെടുകയോ ചെയ്താലും പരാമവധി ഏഴുമിനിറ്റുവരെ അവയുടെ തലച്ചോർ സജീവമായിരിക്കും. എന്നാൽ ഉഷ്ണരക്തവും സാവധാനത്തിൽ ഉപാപചയവുമുള്ള പാമ്പുകളുടെ തല വെട്ടിമാറ്റിയാൽ പോലും നാലു മുതൽ ആറുമണിക്കൂർ വരെ തലച്ചോർ ജീവനോടെയുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഇങ്ങനെ വെട്ടിമാറ്റിയ തലയിൽ തൊടുമ്പോൾ പോലും അവ കടിക്കാൻ സാദ്ധ്യതയുണ്ട്.

  • Share This Article
Drisya TV | Malayalam News