Drisya TV | Malayalam News

സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി സിനിമാ കോൺക്ലേവിന് തുടക്കമായി

 Web Desk    2 Aug 2025

കേരളത്തിൽ ആദ്യമായി സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി സിനിമാ കോൺക്ലേവിന് തുടക്കമായി. സിനിമ മേഖലയിലെ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് കരട് രേഖ.

കരട് നയത്തിലെ പ്രധാന നിർദ്ദേശങ്ങൾ

സിനിമ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം.

'കാസ്റ്റിംഗ് കൗച്ച്' പൂർണ്ണമായും ഇല്ലാതാക്കണം; ഇതിനെതിരെ സീറോ ടോളറൻസ് നയം ഉറപ്പാക്കണം. കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം.

ഓഡിഷന് കേന്ദ്രീകൃതമായ പ്രോട്ടോക്കോൾ നടപ്പാക്കുകയും സിനിമ മേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരികയും വേണം.

അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വിശ്രമമുറി എന്നിവ ഉറപ്പാക്കണം.

'പോഷ്' (POSH) നിയമം കർശനമായി നടപ്പാക്കണം.

സൈബർ പോലീസിന് കീഴിൽ ആൻ്റി പൈറസിക്ക് വേണ്ടി പ്രത്യേക സെൽ തുടങ്ങണം.

അതിക്രമങ്ങൾ തുറന്നുപറയുന്നവർക്ക് പൊതു പിന്തുണ ഉറപ്പാക്കണം.

ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയണം.

പുതിയ ആളുകൾക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാൻ മെൻ്റർഷിപ്പ് പ്രോഗ്രാമുകൾ നടപ്പാക്കണം.

ഇന്ത്യയിൽ ആദ്യമായി ഇത്രയും വിശാലമായ ചലച്ചിത്രനയം രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ കോൺക്ലേവ് സിനിമാ നയമാറ്റത്തിലെ നിർണായക ചുവടുവെപ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണിത്. ചലച്ചിത്രമേഖലയിലെ ഒൻപതോളം വിഷയങ്ങൾ ഇവിടെ സമഗ്രമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും ദൃഢമായ ചലച്ചിത്രനയം രൂപീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വനിതാ സിനിമാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News