Drisya TV | Malayalam News

കുട്ടികളുടെ ക്ഷാമം, സ്വാശ്രയ കോളേജുകള്‍ പ്രതിസന്ധിയിൽ 

 Web Desk    11 Jun 2025

പ്ലസ് വണ്‍ റിസള്‍ട്ട് വന്നതിന് ശേഷം സ്വാശ്രയ കോളേജുകള്‍ പുതിയ വര്‍ഷത്തിലേക്കുള്ള അഡ്മിഷന്റെ തിരക്കിലാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യങ്ങളും റീലുകളുമൊക്കെയായി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ സജീവം. എന്നാല്‍ പ്രതികരണം ആശങ്കയുണ്ടാക്കുന്നതാണ്. മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളേജിലെ അഡ്മിഷന്‍ വിഭാഗത്തില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഫോണില്‍ വിളിച്ചത് പ്ലസ് വണ്‍ വിജയിച്ച 200 കുട്ടികളെയാണ്. വിവിധ ഡിഗ്രി കോഴ്‌സുകള്‍ പരിചയപ്പെടുത്താനുള്ളതായിരുന്നു ആ ഫോണ്‍ കോളുകള്‍. എന്നാല്‍ 200 കുട്ടികളില്‍ 30 പേര്‍ മാത്രമാണ് ഡിഗ്രി കോഴ്സിന് ചേരാന്‍ താല്‍പര്യം കാണിച്ചത്. മറ്റുള്ളവരെല്ലാം കേരളത്തിന് പുറത്തോ വിദേശത്തോ പോയി പഠിക്കാനും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ പഠിച്ച് വേഗം ജോലി നേടാനുമൊക്കെയുള്ള പ്ലാനിലാണ്. യൂണിവേഴ്സിറ്റി അഡ്മിഷനുകളുടെ തിരക്ക് വര്‍ധിക്കുന്ന ഈ സമയത്ത് അക്ഷയ കേന്ദ്രങ്ങളിലും മറ്റ് ഓണ്‍ലൈന്‍ സെന്ററുകളിലും രജിസ്‌ട്രേഷന് തിരക്ക് കുറയുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം പരമ്പരാഗത ഡിഗ്രി കോഴ്‌സുകള്‍ പഠിക്കാന്‍ താല്‍പര്യപ്പെടുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കുറയുന്നതായാണ് സൂചനകള്‍.

പല ഡിഗ്രി കോഴ്‌സുകളിലേക്കും കുട്ടികളെ കിട്ടുന്നില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ക്ലാസ് മുറികള്‍ ഒഴിഞ്ഞു കിടക്കുന്നു. അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനടക്കമുള്ള ചെലവുകള്‍ക്ക് വരുമാനം വരുന്നില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ കേരളത്തില്‍ 33 സ്വാശ്രയ കോളേജുകള്‍ അടച്ചു പൂട്ടി. എഞ്ചിനിയറിംഗ് കോഴ്‌സുകള്‍ക്ക് കുട്ടികളെ കിട്ടാതായതോടെ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കടം വര്‍ധിച്ച് ജപ്തി നടപടികള്‍ നേരിടുന്ന കോളേജുകളും കേരളത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളേജുകളില്‍ അരലക്ഷത്തിലേറെ ഡിഗ്രി സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. ടെക്‌നിക്കല്‍ കോളേജുകളുടെ എണ്ണം 175 ല്‍ നിന്ന് 142 ആയും കുറഞ്ഞു. 40 കോടി രൂപയിലേറെ മുടക്കി ആരംഭിച്ച കോളേജുകളാണ് ഇത്തരത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. പിടിച്ചു നില്‍ക്കാന്‍ വേണ്ടി കാപിറ്റേഷന്‍ ഫീസ് ഒഴിവാക്കിയാണ് പലരും വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. യൂണിവേഴ്സ്റ്റി ഫീസ് മാത്രം ഈടാക്കി പ്രവേശനം നല്‍കുന്നവയാണ് അധികം കോളേജുകളും.

കേരളത്തിലെ സര്‍വ്വകലാശാലാ അഫിലിയേഷനുള്ള 1,473 കോളേജുകളില്‍ 989 എണ്ണം സ്വാശ്രയ മേഖലയിലാണ്. സര്‍വ്വകലാശാലകള്‍ വര്‍ഷം തോറും ഫീസുകള്‍ വര്‍ധിപ്പിക്കുന്നതും കോളേജുകള്‍ക്ക് തിരിച്ചടിയാണ്. സ്വാശ്രയ കോളേജുകളുടെ വരുമാനം വര്‍ധിക്കാന്‍ ഇത് സഹായിക്കുമെങ്കിലും ഫീസ് കൂടുന്നത് വിദ്യാര്‍ത്ഥികളെ അകറ്റുമെന്നാണ് മാനേജ്‌മെന്റുകള്‍ ആശങ്കപ്പെടുന്നത്. സര്‍വ്വകലാശാലകള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ വരുമാന മാര്‍ഗങ്ങള്‍ക്ക് സ്വാശ്രയ കോളേജുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം കൂടുന്നുമുണ്ട്. കുട്ടികളുടെ ക്ഷാമം നിലനില്‍ക്കുമ്പോഴും പുതിയ കോഴ്സുകള്‍ എടുക്കാന്‍ കോളേജുകള്‍ക്ക് മേല്‍ സര്‍വ്വകലാശാലകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിര്‍ധനരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതോടെ ഇതും മാനേജ്‌മെന്റുകള്‍ക്ക് അധിക ബാധ്യതയായി മാറിയിട്ടുണ്ട്.

കൊമേഴ്‌സ്, ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ കൂടുതലായി വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കുന്നത്. ബി.എ, ബി.എസ്.സി കോഴ്‌സുകളിലാണ് കുട്ടികളുടെ ക്ഷാമം കൂടുതല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍ പല പരീക്ഷണങ്ങളും മാനേജ്‌മെന്റുകള്‍ നടത്തുന്നുണ്ട്. പഠന ശേഷം ജോലി ഉറപ്പാക്കുന്ന പദ്ധതികളും അക്കൗണ്ടിംഗ് ഉള്‍പ്പടെയുള്ള ആഡ് ഓണ്‍ കോഴ്‌സുകളും ഉള്‍പ്പെടുത്തി കുട്ടികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഡിഗ്രി നാലു വര്‍ഷമായി നീട്ടുന്നതോടെ പ്രവേശനം തേടുന്നവരുടെ എണ്ണം കുറയുമെന്ന ആശങ്കയും മാനേജ്‌മെന്റുകള്‍ക്കുണ്ട്. നാലു വര്‍ഷം കുട്ടികളെ കാമ്പസില്‍ പിടിച്ചു നിര്‍ത്തുന്നതിന് ഡിഗ്രിക്കൊപ്പം കൂടുതല്‍ ഹ്രസ്വകാല കോഴ്‌സുകള്‍ ഏര്‍പ്പെടുത്തി പ്രതിസന്ധിയെ മറികടക്കാനാണ് മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്.

  • Share This Article
Drisya TV | Malayalam News