Drisya TV | Malayalam News

അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍

 Web Desk    17 May 2025

അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു. മെസ്സിയും ടീമും കേരളത്തിൽ എത്തുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയേക്കില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ കളിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞസമയത്ത് അര്‍ജന്റീന ടീം കളിക്കാന്‍ പോകുന്നത് ചൈനയിലേക്കാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നത് സംബന്ധിച്ച് അനിശ്ചിതത്വം ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണം ഉണ്ടായിരുന്നെങ്കില്‍ ഈ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാത്ത് നില്‍ക്കില്ലായിരുന്നുവെന്നും അതുപയോഗിച്ച് കൊണ്ടുവരുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാന കായിക വകുപ്പാണ് അര്‍ജന്റീന ടീമുമായി ചര്‍ച്ച നടത്തിയത്. അതിന്റെ ഭാഗമായി സ്‌പോണ്‍സര്‍ഷിപ്പിന് വലിയ തുക മുടക്കാന്‍ സര്‍ക്കാരിന്റെ നിലവിലുള്ള അവസ്ഥ അനുവദിക്കുന്നില്ല. ഇതിനായി രണ്ട് കമ്പനികളെ സ്‌പോണ്‍സര്‍മാരായി കണ്ടെത്തിയിരുന്നു. ആദ്യത്തെ സ്‌പോണ്‍സര്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. രണ്ടാമതെത്തിയവരാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍. അവര്‍സര്‍ക്കാരിന് ചെയ്യാനാകുന്നത് ഇതാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ പണം അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മെസ്സി വരില്ല എന്ന് പറയനാകില്ല. സ്‌പോണ്‍സര്‍മാരോട് പണം വളരെ വേഗത്തില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് കാലതാമസം ഉണ്ടായിരിക്കാം. 175 കോടിയോളം രൂപ നല്‍കേണ്ടിവരും.സ്‌പോണ്‍സര്‍മാര്‍ ആശങ്കകളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി അവരുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല' വി.അബ്ദുറഹിമാന്‍ പ്രതികരിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാമെന്ന് അറിയിച്ച് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി അവര്‍ക്ക് ലഭ്യമാക്കികൊടുത്തു.

  • Share This Article
Drisya TV | Malayalam News