Drisya TV | Malayalam News

ഇന്ത്യ - പാകിസ്‌താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു

 Web Desk    9 May 2025

ഇന്ത്യ - പാകിസ്‌താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ, ബിസിസിഐയോ ഐപിഎൽ ഭരണസമിതിയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടൂർണമെന്റിന്റെ്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പാകിസ്താനിലെ റാവൽപിണ്ടിയിൽ സ്റ്റേഡിയത്തിന് പുറത്ത് നടന്ന സ്ഫോടനത്തെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാൻ പാകിസ്‌താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. മത്സരത്തിന് തൊട്ടു മുൻപാണ് സ്ഫോടനമുണ്ടായത്.

  • Share This Article
Drisya TV | Malayalam News