ഓരോ കാലങ്ങളിലും പ്രണയബന്ധങ്ങളിൽ കൗതുകകരമായ ട്രെൻഡുകൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ ചില അമ്പരപ്പിക്കുന്ന ട്രെൻഡുകൾ അറിയാം.
ഫ്രീക്ക് മാച്ചിംഗ്
സ്‌നേഹബന്ധത്തിൽ ഏർപ്പെടാൻ ഓരോരുത്തർക്കും കാരണമാകുന്നത് ഓരോന്നാകുമല്ലോ. ഇത്തരത്തിൽ നിങ്ങളുടെ അഭിരുചിക്കും 'വൈബിനും' അനുസരിച്ച് കണ്ടുമുട്ടുന്ന ആൺ, പെൺ സുഹൃത്തിനൊപ്പം ഒരു ഡേറ്റിന് പോകുന്നതാണ് ഫ്രീക്ക് മാച്ചിംഗ്.
ഒരു ജെൻ സി ട്രെൻഡാണ് ഇത്. ഒരാളുടെ ഇഷ്‌ടങ്ങളെയും ഹോബികളെയും അറിയുകയും അതിനനുസരിച്ച് പരസ്‌പരം ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതാണ്. സാധാരണ സ്‌നേഹബന്ധത്തിൽ സംഭവിക്കുന്ന ആകർഷണം എന്നതിന് പുറമേ യാത്രകളോ, നീന്തലോ, വീഡിയോ ഗെയിമോ അങ്ങനെ ഒരാൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളിൽ അയാളെപ്പോലെ തന്നെ താൽപര്യമുള്ള പങ്കാളിയാകും ഫ്രീക്ക് മാച്ചിംഗിൽ ഉണ്ടാകുക
ബോയ്‌ഫ്രണ്ടിനെ വാടകയ്‌ക്കെടുക്കുന്നവർ
പ്രായമായി കല്യാണം കഴിക്കാറായില്ലേ എന്ന ചോദ്യത്തിന് ഉത്തരമായി വിയറ്റ്‌നാമിലെ പുത്തൻ തലമുറ കണ്ടെത്തിയ മാർഗമാണ് റെന്റിംഗ് എ ബോയ്‌ഫ്രണ്ട്. തങ്ങൾ ഒരു ബന്ധത്തിലാണെന്ന് അച്ഛനമ്മമാരെ കാണിക്കാൻ ബോയ്‌ഫ്രണ്ടിനെ സംഘടിപ്പിക്കുന്നതാണിത്. ഒറ്റയ്‌ക്കാണ് എന്ന പ്രശ്‌നം പരിഹരിക്കാൻ ഇത് പെൺകുട്ടികളെയും യുവതികളെയും സഹായിക്കും.
റെന്റ് എ ഗേൾഫ്രണ്ട്
കാമുകനെ വാടകയ്‌ക്ക് എടുക്കുംപോലെ കാമുകിയെയും പുതിയ കാലത്ത് വാടകയ്‌ക്ക് ലഭിക്കും. ഇത് ജപ്പാനിൽ നിയമവിധേയമായ രീതിയാണ്. മണിക്കൂറിന് 6000 യെൻ അഥവാ ഇന്ത്യയിലെ 3500 രൂപയാണ് ചാർജ്. ഇത്തരത്തിൽ വാടകയ്‌ക്കെടുത്ത കാമുകിയ്‌ക്ക് രണ്ട് മണിക്കൂറത്തെ ചാർജ് നിർബന്ധമായി നൽകണം. ആദ്യമായി ഇത്തരത്തിൽ വാടകയ്‌ക്കെടുക്കുന്നവർക്ക് ഓഫറുകളും ലഭ്യമാണ്.
വെഡ്‌ഡിംഗ് ഡിസ്‌ട്രോയർ
അതെ കല്യാണം പൊളിക്കാനും പുതിയകാലത്ത് ആളുകൾ തയ്യാറാണ്. സ്‌പെയിൻകാരനായ ഏണസ്‌റ്റോ ആണ് ഈ ട്രെൻഡ് തുടങ്ങിയത്. പണം നൽകിയാൽ വിവാഹം തകർക്കാനാകുമെന്നതാണ് സവിശേഷത. ലോകമെങ്ങും ഇപ്പോൾ വളരെ ട്രെൻഡിംഗ് ആണ് ഈ രീതി.
ഫോക്‌സ്‌ബേയിംഗ്
സമൂഹത്തിന്റെ നിരന്തരമായ ചോദ്യങ്ങളെ അതിജീവിക്കാനും അനാവശ്യമായി തങ്ങളുടെ മേൽ ശ്രദ്ധ വരാതിരിക്കാനും കണ്ടെത്തിയ രീതിയാണ് ഫോക്‌സ്ബേയിംഗ്. ഇന്നത്തെ കാലത്ത് പലരും ബന്ധങ്ങൾ വളരെ വേഗം സ്ഥാപിക്കുന്നതിനും അതിലും വേഗത്തിൽ ഒഴിയുകയും ഇവയെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോയും ചിത്രങ്ങളുമായി പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്.
ഇതോടെ പങ്കാളികളില്ലാത്തവർക്ക് സമൂഹത്തിൽ നിന്നും പങ്കാളികളില്ലേ എന്ന ചോദ്യം സമ്മർദ്ദം ചെലുത്തും. ഇതൊഴിവാക്കാൻ തനിക്ക് ഒരു പങ്കാളിയുണ്ടെന്ന തോന്നലുണ്ടാക്കാനാണ് ഫോക്‌സ്‌ബേയിംഗ് രീതി. ഇതുകൊണ്ട് മുൻ ആൺ, പെൺ സുഹൃത്തുക്കളെ അസൂയപ്പെടുത്താനും കഴിയുമെന്നതിനാൽ യുവാക്കൾ ഈ രീതി പിന്തുടരാറുണ്ട്.