ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതിയും കേന്ദ്രം രൂപവത്കരിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അധ്യക്ഷൻ.
മേൽനോട്ട സമിതിയിൽ ഏഴ് അംഗങ്ങളുണ്ടായിരിക്കും. ഇതിൽ കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പു ചെയർമാനും അംഗമായിരിക്കും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ എക്‌സലൻസിലെ ഒരു അംഗത്തിനെയും മേൽനോട്ടസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾകൂടി കണക്കിലെടുത്താണ്, 2021 -ൽ പാർലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഇപ്പോൾ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയിൽ കേരളം പലതവണ ആവശ്യപ്പെട്ട കാര്യമായിരുന്നു ഇത്.