Drisya TV | Malayalam News

 ഐഎഎസ് അക്കാദമി മൂവാറ്റുപുഴയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടലുകൾ നടത്തിയതായി മാത്യു കുഴല്നാടന് എംഎൽഎ

 Web Desk    17 May 2023

മൂവാറ്റുപുഴയിലെ ഐഎഎസ് അക്കാദമി മൂവാറ്റുപുഴയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയതായി മാത്യുകുഴല്‍നാടന്‍ എംഎല്‍എ. അക്കാദമി മൂവാറ്റുപുഴയില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി അറിഞ്ഞപ്പോള്‍ തന്നെ വകുപ്പ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. യാതൊരുകാരണവശാലും അക്കാദമി മൂവാറ്റുപുഴയില്‍നിന്നും മാറ്റാന്‍ കഴിയില്ലന്ന വിവരം പ്രാഥമീകമായി അവരെ അറിയിച്ചിരുന്നു. മൂവാറ്റുപുഴയിലെ സെന്ററിന്റെ ആവശ്യകത ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതായും എംഎല്‍എ പറഞ്ഞു. 

അക്കാദമിയെ ആശ്രയിച്ച് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കള്‍ക്കും വലിയ ആശങ്കയുണ്ട്. ഇത് പൂര്‍ണ്ണമായി മനസ്സിലാക്കിയുള്ള ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ഒരുകാരണവശാലും അക്കാദമി മൂവാറ്റുപുഴക്ക് കൈവിട്ട് പോകാതെയുള്ള രാഷ്ട്രീയപരവും നിയമപരവുമായ എല്ലാവിധ ഇടപെടലുകളും നടത്തി അക്കാദമി മൂവാറ്റുപുഴയില്‍ നിലനിര്‍ത്തുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു. 

മൂവാറ്റുപുഴയുടെ മാത്രമല്ല ഇടുക്കി, കോട്ടയും ജില്ലകളിലെ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതമായ പഠനത്തിനും ഐഎഎസ് പോലെയുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും വലിയ അനുഗ്രഹമായി നിലകൊണ്ട അിമാനകരമായ സ്ഥാപനമാണ് സിവില്‍ സര്‍വീസ് അക്കാദമിയെന്നും മാത്യുകുഴല്‍നാടന്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്റെ ശ്രമഫലമായിട്ടാണ്  മൂവാറ്റുപുഴക്ക് സിവില്‍ സര്‍വീസ് അക്കാദമി അനുവദിച്ചത്. പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സര്‍വീസ് പരീക്ഷാ പരിശീലനം ലഭിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News