കസ്റ്റഡിയിൽ നിന്നും വിലങ്ങോടെ രക്ഷപെട്ട പ്രതിയെ വേഷം മാറിയെത്തി പിടികൂടി പോലീസ് സംഘം. കുറവിലങ്ങാട് ഭാഗത്തു നിന്ന് ഹിൽപാലസ് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞ പ്രതി പിറവം സ്വദേശി ജിതേഷിനെയാണ് (ജിത്തു–21) പിടികൂടിയത്. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ബൈക്ക് മോഷണ കേസിൽ തെളിവെടുപ്പിനായി കുറവിലങ്ങാട് വെമ്പള്ളിൽ ഭാഗത്ത് എത്തിച്ചപ്പോഴായിരുന്നു പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു വിലങ്ങോടെ പ്രതി ഓടിപ്പോയത്. പിറവത്ത് സെക്യൂരിറ്റി ജീവനക്കാരനെ ഹോളോ ബ്രിക്സ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി ഒട്ടേറെ വാഹന മോഷണ കേസുകളിലും ജിതേഷ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പർദ ധരിച്ച് ഇൻസ്പെക്ടറും കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്ഐയും റെയിൽവേ സ്റ്റേഷൻ ഹോട്ടലിലെ പാചകക്കാരനായി എസ്ഐയും ഓട്ടോറിക്ഷ ഡ്രൈവറായി എഎസ്ഐയും വേഷം മാറിയാണ് പ്രതിയെ പിടികൂടിയത്.
പ്രതി കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നു വിവരം ലഭിച്ചതോടെയാണ് വേഷംമാറി പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ കാത്തു നിന്നത്. പ്രതിയായ ജിതേഷിനെ ചുറ്റും വളഞ്ഞ് പിടികൂടിയപ്പോൾ മാത്രമാണ് സമീപത്തു നിന്നവർ പൊലീസ് ഉദ്യോഗസ്ഥരാണെന്നു യാത്രക്കാർ തന്നെ അറിയുന്നത്. വളരെ വേഗത്തിൽ ഓടുന്ന പ്രതിയെ ഓടിച്ചിട്ടു പിടികൂടാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയതോടെയാണ് വേഷം മാറാൻ തീരുമാനിച്ചത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലാണ് ജിതേഷിനെ കോതനല്ലൂർ ഓമല്ലൂർ ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ തെളിവെടുപ്പിനായി വെമ്പള്ളിയിൽ എത്തിച്ചു. ഈ സമയം പൊലീസിനെ തള്ളിയിട്ടു പ്രതി സമീപത്തെ കാട്ടിലേക്കു മറഞ്ഞു. പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടിപ്പോയ പ്രതി ഉഴവൂർ കല്ലട കോളനിയിലുള്ള പെൺസുഹൃത്തിന്റെ വീട്ടിലെത്തി പിന്നീട് അവിടം വിട്ടു. സുഹൃത്തിൽ നിന്നു വാങ്ങിയ മഴു ഉപയോഗിച്ച് റെയിൽവേ ലൈനിൽ വച്ച് കൈവിലങ്ങ് പൊട്ടിച്ച ശേഷം സമീപത്തെ പള്ളിയുടെ സ്കൂളിന്റെ വരാന്തയിൽ കഴിച്ചു കൂട്ടി.
സുഹൃത്തിനൊപ്പം തമിഴ്നാട്ടിലേക്ക് പോകാനായിരുന്നു ജിതേഷിന്റെ പദ്ധതി. രാത്രി പൊലീസ് ജിതേഷിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ കാത്തിരുന്നെങ്കിലും ജിതേഷ് എത്തിയില്ല. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു വഴിയാത്രക്കാരന്റെ ഫോണിൽ നിന്നു ജിതേഷ് സുഹൃത്തിനെ വിളിച്ചതോടെ അവരെയും കൊണ്ട് പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി സുഹൃത്തിനു സമീപം ബെഞ്ചിലിരുന്നപ്പോഴാണു മഫ്തിയിൽ നിന്നിരുന്ന പൊലീസ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ വി. ഗോപകുമാർ , എസ്ഐമാരായ എം. പ്രദീപ്, എം. ഭരതൻ, കെ.എൻ. രാജീവ് നാഥ്, എഎസ്ഐ എം.ജി. സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്യാം ആർ. മേനോൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം. അരുൺകുമാർ, ബിബിൻ, എൻ.കെ. റജിമോൾ, ഷാന്റി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.