തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അൽപസമയത്തിനകം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവിസ്. ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
11 മണിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി ടെർമിനലുകളുടെ സമഗ്രവികസനം എന്നിവയുടെ ശിലാസ്ഥാപനം നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ - പളനി - പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളാണ് നാടിന് സമർപ്പിക്കുക.
സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം 12.40 ഓടെ പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ ഗുജറാത്തിലെ സൂറത്തിലേക്ക് പോകും.