രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബാക്രമണങ്ങളിൽ പാടെ തകർന്നടിഞ്ഞ പോളണ്ട് തലസ്ഥാനമായ വാർസോയുടെ പഴയകാല രൂപത്തിലേക്ക് വെളിച്ചം വീശുന്ന നിർണ്ണായകമായ ചരിത്ര കണ്ടെത്തലുകൾ നടത്തി പുരാവസ്തു ഗവേഷകർ. വർഷങ്ങളായി കാർ പാർക്കിങ്ങിനായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് പാർക്ക് നിർമിക്കുന്നതിനായി നടത്തിയ ഖനനത്തിനിടയിലാണ് അപൂർവ്വ വസ്തുക്കളും കെട്ടിട അവശിഷ്ടങ്ങളും കണ്ടെത്തിയത്. വാർസോയിലെ ഇ. ക്ലിനാർസ്കി സ്ക്വയറിലാണ് പുരാവസ്തു വകുപ്പ് വൻ ഖനനം നടത്തിവരുന്നത്.
ആദ്യഘട്ടത്തിൽ യുദ്ധത്തിന് മുൻപുള്ള ഒരു താമസക്കെട്ടിടത്തിൻ്റെ അടിത്തറ മാത്രമാണ് കണ്ടെത്തിയത്. എന്നാൽ അതിനടിയിലുള്ള നിലവറകളിലേക്ക്ഖനനം വ്യാപിപ്പിച്ചതോടെ ചരിത്രപ്രധാനമായ ഒരു വലിയ കണ്ടെത്തലായി ഇത് മാറുകയായിരുന്നു.കണ്ണാടിച്ചില്ലുകൾ, ലോഹ ഭാഗങ്ങൾ, മൺപാത്രങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളും വലിയ അലങ്കാര വസ്തുക്കളും ഇവിടത്തെ നിലവറകളിൽ നിന്ന് വീണ്ടെടുത്തു. ഇതോടൊപ്പം കുതിരസവാരിക്കാരൻ്റെ വെങ്കല ശിൽപ്പം, പോളിഷ് രാജാക്കന്മാരായ സിഗിസ്മണ്ട് മൂന്നാമൻ വാസ, ജോൺ മൂന്നാമൻ സോബിയേസ്കി എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത രണ്ട് വലിയ സിറാമിക് പ്ലേറ്റുകളുടെ ഭാഗങ്ങളും ലഭിച്ചിരുന്നു.
സാധാരണ താമസക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വാർസോ ഫിൽഹാർമോണിക് എന്ന പ്രശസ്തമായ സാംസ്കാരിക കേന്ദ്രത്തിൽ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന വലിയ ലൈറ്റിംഗ് സംവിധാനങ്ങളും അലങ്കാര വസ്തുക്കളും കണ്ടെത്തിയത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ഫിൽഹാർമോണിക് കോൺസെർട്ട് ഹാളിനെയോ ഫോയറിനെയോ പണ്ടുകാലത്ത് അലങ്കരിച്ചിരുന്ന കൂറ്റൻ സീലിങ് ലൈറ്റുകളുടെ ഭാഗങ്ങളും കണ്ടെത്തി. ലോറൽ, ഓക്ക് ഇലകൾ കൊണ്ട് നിർമിച്ച ലോഹ ബോഡർ ശിൽപ്പം കണ്ടെത്തി. മുൻകാലത്തെ ഫിൽഹാർമോണിക് മന്ദിരത്തിന്റെ ആർക്കൈവ് ചിത്രങ്ങളിൽ ഉള്ള അലങ്കാരത്തിന് സമാനമാണ് ഇതെന്നാണ് വിലയിരുത്തൽ.
കണ്ടെത്തിയ വസ്തുക്കളിൽ ഏറ്റവും ശ്രദ്ധേയം ഒരു പുരുഷൻ്റെ മുഖം കാണിക്കുന്ന അപൂർവ്വ ശിൽപ്പമാണ്. 1881 എന്ന വർഷവും 'സ്വാവോമിർ ചെലിൻസ്കി' എന്ന ശിൽപ്പിയുടെ ഒപ്പും 'വാർസോ' എന്ന് കൊത്തിവെച്ചതും ഇതിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ നഗരം കത്തിയമർന്നതിന്റെ വ്യക്തമായ തെളിവുകൾ ഇവിടുത്തെ ചുവരുകളിൽ കരിപിടിച്ച പാടുകളായി കാണാം. യുദ്ധവും ബോംബാക്രമണവും രൂക്ഷമായ സമയത്ത് ഫിൽഹാർമോണിക് മന്ദിരത്തിലെയും അയൽപക്കത്തെ വീടുകളിലെയും വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇവിടുത്തെ നിലവറകളിൽ കൊണ്ടുവെച്ചതാകാം എന്നാണ് ഗവേഷകരുടെ നിഗമനം.