കിഫ്ബിയിൽ വൻ ക്രമക്കേട് കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന് വൻ നഷ്ടമാണ് കിഫ്ബി വരുത്തിവെച്ചത്. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പത്രസമ്മേളനത്തിൽ വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കിഫ്ബി അവലോകന റിപ്പോർട്ടിൽ ഗുരുതര നിരീക്ഷണങ്ങളാണ് ഉള്ളത്. ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടാണ് നടന്നത്. സർക്കാരിന്റെയും ധനവകുപ്പിന്റേയും നിയന്ത്രണം മറികടന്ന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചു. കൺസൾട്ടൻസിക്ക് പണം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നു. സർക്കാർ നൽകുന്ന തുക മുഴുവൻ വായ്പയുടെ തിരിച്ചടവിനുവേണ്ടിയാണ് ഉപയോഗിച്ചത്. സർക്കാർ നൽകിയ 99.4 ശതമാനവും ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്. റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും, സതീശൻ പറഞ്ഞു.
203.72 കോടിയാണ് കിഫ്ബി പരസ്യത്തിനായി ചെലവഴിച്ചത്. കണക്കിൽ കാണിച്ചിരിക്കുന്നത്, 21.16 കോടിയാണ്. 498 പേർക്കാണ് അനുമതി ഇല്ലാതെ നിയമനം നൽകിയത്', മുഖ്യമന്ത്രി പറഞ്ഞു.അന്വേഷണം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും ഏത് രീതിയിൽ വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ടിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.