Drisya TV | Malayalam News

ബംഗളൂരുവിൽ ഗിറ്റാറുമായി സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് ലഭിച്ചത് ഹെൽമെറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരന്റെ പേരിലുള്ള 500 രൂപയുടെ ട്രാഫിക് ചലാൻ

 Web Desk    27 Sep 2026

ബംഗളൂരുവിൽ ഗിറ്റാറുമായി സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് ലഭിച്ചത് ഹെൽമെറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരന്റെ പേരിലുള്ള 500 രൂപയുടെ ട്രാഫിക് ചലാൻ. ട്രാഫിക് ചലാനിലെ ചിത്രം പരിശോധിച്ചപ്പോഴാണ് കാമറ മനുഷ്യന് പകരം ഗിറ്റാറിനെ പിൻസീറ്റ് യാത്രക്കാരനായി തിരിച്ചറിഞ്ഞതെന്ന് വ്യക്തമായത്.സൗവിക് ദത്തക്കാണ് ചലാൻ ലഭിച്ചത്. ഭാര്യയുടെ സ്കൂട്ടറിൽ ഒറ്റക്കായിരുന്നു സൗവിക് യാത്ര ചെയ്തിരുന്നത്. പുറകിൽ ഗിറ്റാർ കെട്ടിവെച്ചിരുന്നു. ഹെൽമെറ്റ് ധരിച്ചാണ് യാത്ര ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ 15ന് ഉച്ചയോടെ ഔട്ടർ റിങ് റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് എ.ഐ കാമറയുടെ കണ്ണിൽ വാഹനംപെട്ടത്. പിറ്റേന്ന് ലഭിച്ച ചലാനിൽ ‘പില്ലിയൻ റൈഡർ ഹെൽമെറ്റ് ധരിച്ചിട്ടില്ല’ എന്ന നിയമ ലംഘനമാണ് രേഖപ്പെടുത്തിയിരുന്നത്. പിഴ 500 രൂപ. ചലാനിനൊപ്പം നൽകിയ ഫോട്ടോയിലും സൗവിക് ഹെൽമെറ്റ് ധരിച്ചിരുന്നതായി കാണാമായിരുന്നു. അദ്ദേഹത്തിന്റെ പുറകിലുണ്ടായിരുന്നത് ഗിറ്റാറുമായിരുന്നു.

സംഭവത്തിന്റെ ചിത്രവും ചലാൻ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സൗവിക് ബംഗളൂരു ട്രാഫിക് പൊലീസിനോട് പിഴ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വിഷയം പരിശോധിക്കാമെന്നും സ്ഥിരീകരിച്ചാൽ ചലാൻ റദ്ദാക്കുമെന്നും അറിയിച്ചു.

  • Share This Article
Drisya TV | Malayalam News