Drisya TV | Malayalam News

ധ്രുവ് റാഠിക്ക് 2018ലെ മാനനഷ്ടക്കേസിൽ പുതിയ സമൻസ് അയച്ച് ഡൽഹി കോടതി

 Web Desk    15 Oct 2026

യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠിക്ക് 2018ലെ മാനനഷ്ടക്കേസിൽ പുതിയ സമൻസ് അയച്ച് ഡൽഹി കോടതി. വികാസ് സംസ്കൃത്യായൻ നൽകിയ പരാതിയിലാണ് ഡൽഹി സാകേത് കോടതി പുതിയ സമൻസ് പുറപ്പെടുവിച്ചത്. ധ്രുവ് റാഠി നിലവിൽ ഇന്ത്യയിലുണ്ടെന്ന വിവരം ഉയർന്നതിനെത്തുടർന്ന് പരാതിക്കാരൻ സമർപ്പിച്ച അടിയന്തര ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.

ബി.ജെ.പി ഐ.ടി സെൽ പാർട്ട് II എന്ന പേരിൽ ധ്രുവ് റാഠി യൂട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോയിൽ തനിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാണ് പരാതിക്കാരനായ വികാസ് സംസ്കൃത്യായൻ ആരോപിക്കുന്നത്. ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്.

ഈ കേസ് നവംബർ 20നായിരുന്നു കോടതി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ജർമ്മനിയിൽ താമസിക്കുന്ന ധ്രുവ് റാഠി സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ കോടതിയിൽ അടിയന്തര അപേക്ഷ നൽകുകയായിരുന്നു. വർഷങ്ങളായി ധ്രുവ് വിദേശത്തായതിനാൽ സമൻസ് കൈമാറുന്നതിൽ വലിയ താമസം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ഹരിയാനയിലെ വിലാസത്തിലോ ഇന്ത്യയിലോ ഉള്ളതിനാൽ നേരിട്ട് സമൻസ് കൈമാറാൻ അനുമതി നൽകണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

2019 ജൂലൈ 23ലെ ഉത്തരവ് പ്രകാരം ഒന്നാം പ്രതിയെ സമൻസ് അയച്ച് വിളിപ്പിച്ചിരുന്നതാണെങ്കിലും, കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രതിക്ക് സമൻസ് എത്തിച്ചുനൽകാൻ പരാതിക്കാരൻ ശ്രമിച്ചുവരികയാണെന്നത് ലഭ്യമായ രേഖകളിൽ നിന്ന് വ്യക്തമാണ്. പരാതിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങൾ പരിഗണിച്ച്, ധ്രുവ് റാഠി പുതിയ സമൻസ് പുറപ്പെടുവിക്കാൻ ഉത്തരവിടുന്നു. സാധാരണയായി വിദേശത്ത് കഴിയുന്ന പ്രതികൾ ഇന്ത്യയിലെത്തുന്ന സന്ദർഭങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.

  • Share This Article
Drisya TV | Malayalam News