ലഡാക്കിൽ 3,350 കോടി രൂപയുടെ അഞ്ച് വൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, തന്ത്രപ്രധാനമായ റോഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊർജം, സാംസ്കാരിക പൈതൃക സംരക്ഷണം, ജലസുരക്ഷ എന്നീ മേഖലകളിലാണ് പ്രധാന വികസനപദ്ധതികൾ. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടനം. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വൈദ്യുതി ലഭ്യത വർധിപ്പിക്കുക, ജലലഭ്യത ഉറപ്പാക്കുക, ലഡാക്കിന്റെ പുരാതന പൈതൃകം സംരക്ഷിക്കുക എന്നിവയ്ക്കായി പദ്ധതികൾ സഹായിക്കുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്.
ഉദ്ഘാടനത്തിനിടെ ലഡാക്കിലെ ജനങ്ങൾക്കും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച എൻജിനീയർമാർ, തൊഴിലാളികൾ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർക്കും മോദി അഭിനന്ദനം അറിയിച്ചു. അതിർത്തി റോഡ്സ് ഓർഗനൈസേഷന്റെ (ബി.ആർ.ഒ) പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.ലേയിലെ കുശോക് ബകുല റിംപോച്ചെ വിമാനത്താവളത്തിൽ 640 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ യാത്രാ ടെർമിനലാണ് പ്രധാന പദ്ധതികളിലൊന്ന്. 23,800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനലിന് പ്രതിവർഷം 35 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ.
കാലാവസ്ഥ കണക്കിലെടുത്ത് ജിയോതെർമൽ സാങ്കേതികവിദ്യയും സൗരോർജവും ടെർമിനലിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ജിയോതെർമൽ ഹീറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാനത്താവള ടെർമിനലാണ് ഉദ്ഘാടനം ചെയ്തതെന്ന് മോദി പറഞ്ഞു. ഇതോടൊപ്പം പ്രതിവർഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 10 ലക്ഷത്തിൽനിന്ന് 35 ലക്ഷമായി ഉയരുമെന്നും വിമാന സർവീസുകളുടെ എണ്ണം മൂന്നിരട്ടിവരെ വർധിക്കാൻ സാധ്യതയുണ്ടെന്നുമാണ് മോദിയുടെ വിലയിരുത്തൽ.