Drisya TV | Malayalam News

വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ലെന്ന കാരണത്താൽ കേസെടുക്കാനാകില്ലെന്ന് സുപ്രീംകോടതി

 Web Desk    22 Sep 2026

വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചില്ലെന്ന കാരണത്താൽ മാത്രം ഒരാൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. മനഃസാക്ഷിപരമായ കാരണങ്ങളാൽ ദേശീയഗാനം ആലപിക്കാതിരുന്ന വിദ്യാർഥികളെ സംരക്ഷിച്ച 1986ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് വന്ദേമാതരം സംബന്ധിച്ച ഹരജി പരിഗണിക്കവെ ബെഞ്ചിന്റെ നിരീക്ഷണം. 2026ലെ നിയമഭേദഗതിയിലൂടെ വന്ദേമാതരം ആലാപനം നിർബന്ധമാക്കുകയും അതിന് ക്രിമിനൽ ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹരജിയിലാണ് കോടതി കേന്ദ്രസർക്കാറിനോട് മറുപടി തേടിയത്.

വന്ദേമാതരം ആലപിക്കുന്നത് തടയുകയോ ആലാപനം നടക്കുന്ന സംഘത്തിൽ മനഃപൂർവം തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന 2026ലെ നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം. കൃഷ്ണ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാറിനോട് രണ്ടാഴ്ചക്കകം മറുപടി നൽകാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. 

വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടയുകയോ ആലാപനം നടക്കുന്ന സംഘത്തിൽ തടസമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് 1971ലെ നിയമത്തിൽ 2026ൽ ഭേദഗതി വരുത്തിയത്. എന്നാൽ വന്ദേമാതരത്തിന്റെ എല്ലാ വരികളും പാടാത്തതിന്റെ പേരിൽ മാത്രം ഒരാൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാകുമോ എന്നതാണ് ഹരജിയിൽ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. അതേ സമയം ദേശീയഗാനം ആലപിക്കുമ്പോൾ അത് പാടാൻ വിസമ്മതിച്ചവരെ സംരക്ഷിച്ച 1986ലെ ബിജോയ് ഇമ്മാനുവൽ കേസിലെ സുപ്രീംകോടതി വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജോയ്മല്യ ചൂണ്ടിക്കാട്ടി. ആ കേസിലെ സുപ്രീംകോടതി വിധി ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്നും അതിലെ നിയമതത്വങ്ങൾ നിലവിലെ നിയമത്തിനും ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനഃസാക്ഷിപരമായ കാരണങ്ങളാൽ വന്ദേമാതരത്തിന്റെ ഒന്നോ അതിലധികമോ വരികൾ പാടാത്ത വ്യക്തിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കരുതെന്ന നിലപാടാണ് ഇതിലൂടെ കോടതി സൂചിപ്പിച്ചത്.

  • Share This Article
Drisya TV | Malayalam News