സി.എം.ആർ.എൽ. -എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താനാണ് തീരുമാനം.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിർണായക തീരുമാനമുണ്ടായത്. വിവാദ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു. പിണറായി വിജയന് പുറമേ, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവർക്കെതിരെ അന്വേഷണം നടത്താനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
സി.എം.ആർ.എൽ. -എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അഴിമതി നിരോധ നിയമപ്രകാരം അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണമടക്കം റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. അന്വേഷണം ആകാമെന്നാണ് എജി നിയമോപദേശം നൽകിയത്. തുടർന്നാണ് മുഖ്യമന്ത്രി ആഭ്യന്ത്രമന്ത്രിയും ചർച്ച നടത്തി അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് സംസ്ഥാന പോലീസ് മേധാവി തീരുമാനിക്കും.