Drisya TV | Malayalam News

പണിമുടക്കുകളിലൂടെ ഗുണകരമായി ഒന്നും നേടാനില്ലെന്ന് പൊതുമേഖലാ ബാങ്ക് ജീവനക്കാരോട് കേന്ദ്രധനമന്ത്രാലയം

 Web Desk    22 Sep 2026

പണിമുടക്കുകളിലൂടെ ഗുണകരമായി ഒന്നും നേടാനില്ലെന്ന് പൊതുമേഖലാ ബാങ്ക് ജീവനക്കാരോട് കേന്ദ്രധനമന്ത്രാലയം. 28ന് ആരംഭിക്കുന്ന പണിമുടക്കിനു മുന്നോടിയായി ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണു പരാമർശം. പണിമുടക്കിൽ നിന്ന് ജീവനക്കാർ പിന്മാറണമെന്നാണ് കേന്ദ്രത്തിന്റെ അഭ്യർഥന. ഇന്നലെ പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം ധനമന്ത്രാലയം വിളിച്ചിരുന്നു.

ജീവനക്കാർ സമരത്തിൽ പങ്കെടുക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ബാങ്കുകൾക്ക് നിർദേശം നൽകിയതായാണ് വിവരം. ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ എഫ്ഐആർ ഇടാന‌ും‌ കേന്ദ്രം നിർദേശം‌ നൽകിയതായി ജീവനക്കാരുടെ‌ യൂണിയനുകൾ പറഞ്ഞു. ഈ മാസം 30ന് ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ പണിമുടക്ക് ബാങ്കിങ് ഇടപാടുകളെ കാര്യമായ തോതിൽ ബാധിക്കുമെന്നും കേന്ദ്രം വിലയിരുത്തി.

ബാങ്കുകളുടെ പ്രവൃത്തിദിനം 5 ദിവസമാക്കുക, വിവേചനപരമായ ഇൻസെന്റീവ് സ്കീം പിൻവലിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് 28,29,30 തീയതികളിൽ (തിങ്കൾ, ചൊവ്വ, ബുധൻ) പണിമുടക്ക്. തൊട്ടുമുൻപുള്ള ശനിയും ഞായറുമടക്കം 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കാനാണ് സാധ്യത. സമരത്തിനു മുന്നോടിയായി ഇൻസെന്റീവ് സ്കീം തൽക്കാലം മരവിപ്പിച്ചിരുന്നു. എന്നാൽ പ്രവൃത്തിദിനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

  • Share This Article
Drisya TV | Malayalam News