Drisya TV | Malayalam News

ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് 

 Web Desk    13 Sep 2026

ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവഴി സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾ പ്രായാമയവരും കുട്ടികളും ഉൾപ്പടെയുള്ല യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഇത്തരത്തിൽ ഇറക്കിവിടുമ്പോൾ ഹൈവേയിൽനിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നെന്ന് കാട്ടി നിരവധിപ്പേരാണ് പരാതിപ്പെടുന്നത്. സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.ഹൈവേയിൽ നിർത്തുന്ന ബസുകൾ പെട്ടെന്ന് റിവേഴ്‌സ് എടുക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്.

ഇക്കാര്യങ്ങൾ മുൻനിർത്തി നിയമങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ആറുവരിപ്പാതയിൽ ഒരിടത്തും വാഹനം നിർത്തിയിടാനുള്ല അനുമതിയില്ലെന്നും ഒരു സ്ഥലത്തും ബസ് സ്റ്റോപുകൾ അനുവദിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. അതിനാൽ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂവെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

  • Share This Article
Drisya TV | Malayalam News