Drisya TV | Malayalam News

എഐ സാങ്കേതികവിദ്യയുടെ അതിവേഗ കുതിപ്പിന് താൽക്കാലിക തടയിടാൻ ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

 Web Desk    11 Sep 2026

എഐ സാങ്കേതികവിദ്യയുടെ അതിവേഗ കുതിപ്പിന് താൽക്കാലിക തടയിടാൻ തയ്യാറാണെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. അത്യാധുനിക എഐ സംവിധാനങ്ങളുടെ വികസന വേഗത കുറക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നുണ്ടെന്ന് ജീവനക്കാരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ആശങ്കകളും മറ്റു പ്രശ്നങ്ങളും വ്യവസായ മേഖലയിൽ ശക്തമാകുന്നതിനിടയിലാണ് സാം ആൾട്ട്മാന്റെ ഈ സുപ്രധാന നിലപാട് മാറ്റം. മറ്റ് പ്രമുഖ എഐ ലാബുകളും കമ്പനികളും ഇതേ ജാഗ്രതാ സമീപനം സ്വീകരിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാം ആൾട്ട്മാൻ യോഗത്തിൽ പറഞ്ഞു.

എല്ലാ കമ്പനികളും ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചേക്കില്ലെന്നും ചിലർ ഇതിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇതിനകം തന്നെ ചില മോഡലുകളുടെ വികസന പ്രവർത്തനങ്ങളും ആന്തരിക പരിശീലനങ്ങളും കമ്പനി ഭാഗികമായി മരവിപ്പിച്ചിട്ടുണ്ട്.

ലോകമെമ്പാടും എഐ സാങ്കേതികവിദ്യയുടെ വളർച്ചാ വേഗതയെക്കുറിച്ച് കടുത്ത ആശങ്കകൾ നിലനിൽക്കുന്ന സമയത്താണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അടുത്തിടെ സുരക്ഷാകാര്യങ്ങളിൽ പ്രതിഷേധിച്ച് പ്രമുഖ എഐ കമ്പനികളിലെ ചില ഗവേഷകർ പരസ്യമായി രംഗത്തെത്തിയിരുന്നു. കമ്പനികൾ സുരക്ഷയെ അവഗണിച്ച് സൂപ്പർ ഇന്റലിജൻസിലേക്ക് അശാസ്ത്രീയമായ മത്സരം നടത്തുകയാണെന്ന തരത്തിലുള്ള വിമർശനങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.

നിലവിൽ ഈ വിഷയത്തിൽ ഓപ്പൺ എ.ഐ ഔദ്യോഗികമായി പൊതു പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്ത ഈ വാർത്തയോട് പ്രതികരിക്കാൻ കമ്പനി വിസമ്മതിച്ചു. നിലവിലുള്ള തീരുമാനങ്ങൾ ആന്തരിക ചർച്ചകളുടെ ഘട്ടത്തിലായതിനാൽ, ചാറ്റ്ജിപിടി പോലുള്ള സേവനങ്ങളെ ഇത് പെട്ടെന്ന് ബാധിക്കില്ലെന്നാണ് സൂചന.

  • Share This Article
Drisya TV | Malayalam News