ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ഇലക്ട്രിക് ബൈസിക്കിൾ (ഇ-സൈക്കിൾ) വിപണിയിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ ഇ-ബൈക്ക് സ്റ്റാർട്ടപ്പായ 'ഇമോട്ടൊറാഡുമായി' (EMotorad) പങ്കാളിത്തം സ്ഥാപിച്ചാണ് ബെൻസ് പുതിയ ഇ-സൈക്കിൾ നിര അവതരിപ്പിച്ചത്. 4.20 ലക്ഷം രൂപ മുതലാണ് ഇവയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
മെഴ്സിഡസ്-എഎംജി പെട്രോനാസ് എഡിഷനില്‍ സിറ്റി എഡിഷന്‍ (City Edition), ട്രാക്ക് എഡിഷന്‍ (Track Edition), റാലി എഡിഷന്‍ (Rallye Edition) എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ സിറ്റി എഡിഷന് 4.20 ലക്ഷം രൂപയും ട്രാക്ക് എഡിഷന് 5.70 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റായ റാലി എഡിഷന് 7.60 ലക്ഷം രൂപയുമാണ് വില. ഗ്ലോബല്‍ ബ്രാന്‍ഡായ മെഴ്സിഡസ് ബെന്‍സിന്റെ പ്രീമിയം ഡിസൈനിലുള്ള ഇലക്ട്രിക് സൈക്കിളുകള്‍ ഇന്ത്യയിലാണ് അസംബിള്‍ ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ഇമോട്ടൊറാഡിനാണ് ഇതിന്റെ പ്രാദേശിക നിര്‍മാണ ചുമതല.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നതാണ് ഈ ഇ-സൈക്കിളുകളുടെ പ്രധാന സവിശേഷത. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. നഗരയാത്രകള്‍ക്കും അഡ്വഞ്ചര്‍ റൈഡിംഗിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇവയുടെ നിര്‍മാണം. മെക്കാനിക്കല്‍ കരുത്തിന്റെ കാര്യത്തിലും ബെന്‍സ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. 6061 അലുമിനിയം അലോയ് ഫ്രെയിമും ഫോര്‍ക്കും, പിറെല്ലി ടയറുകളും, തെക്ട്രോ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകളുമാണ് സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
റൈഡിംഗ് ഡാറ്റ അറിയുന്നതിനായി 5.5 ഇഞ്ച് ഫുള്‍ കളര്‍ ഇന്റഗ്രേറ്റഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പ്രകടന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ടെലിമെട്രി സിസ്റ്റം, അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്ന എസ്എംഎസ് അലേര്‍ട്ട് ഫീച്ചര്‍ എന്നിവയും സൈക്കിളിലുണ്ട്.
ഇന്ത്യയില്‍ പ്രീമിയം ഇലക്ട്രിക് ടൂവീലര്‍, ലൈഫ്സ്റ്റൈല്‍ മൊബിലിറ്റി വിപണി വളരുന്ന സാഹചര്യത്തിലാണ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്‍സ് ഇ-സൈക്കിള്‍ മേഖലയിലേക്ക് ചുവടുവെക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത മെഴ്സിഡസ് ബെന്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ സൈക്കിളുകള്‍ ലഭ്യമാകും.