18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ദില്ലി ഒരുങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ ദില്ലിയിലെ ഭാരത് മണ്ഡപം ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടിക്ക് വേദിയാകും. ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച (സെപ്റ്റംബർ 12) ഉച്ചയ്ക്ക് രണ്ടിന് നടക്കും. 'പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം' എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക മുദ്രാവാക്യം.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കൾക്ക് അത്താഴവിരുന്ന് നൽകും. നേതാക്കൾ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും. 'ഭാരത് ഇന്നൊവേറ്റ്സ്' എന്ന പ്രദർശനവും നേതാക്കൾ കാണും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.