Drisya TV | Malayalam News

പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി സോളർ പാനൽ നൽകുമെന്ന് പ്രഖ്യാപനം

 Web Desk    3 Sep 2026

പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി സോളർ പാനൽ നൽകുമെന്ന് പ്രഖ്യാപനം. പരമാവധി 78,000 രൂപവരെ സബ്സിഡി നേടാവുന്ന പദ്ധതിയാണിത്. 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. പിഎം സൂര്യ ഘർ പദ്ധതിയിൽ ചേർന്ന് സബ്സിഡി സ്വന്തമാക്കാൻ 2027 മാർച്ച് 31 വരെയാണ് സമയമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.  

എന്നാൽ, സംസ്ഥാനത്ത് പിഎം സൂര്യ ഘർ പദ്ധതിയുടെ വ്യാപനം തീരെക്കുറഞ്ഞ പശ്ചാത്തലത്തിൽ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് ഡൽഹി സർക്കാരാണ് ‘സൗജന്യ സോളർ പാനൽ’ വാഗ്ദാനവുമായി എത്തിയത്. കേരളത്തിൽ 3.43 ലക്ഷം വീടുകൾ പദ്ധതിയിലുണ്ട്. സ്ഥാപിത ഉൽപാദനശേഷി 1304 മെഗാവാട്ട്. 2250 കോടിയോളം രൂപ കേരളത്തിലെ കുടുംബങ്ങൾ സബ്സിഡിയായി നേടുകയും ചെയ്തു. അതേസമയം, ഡൽഹിയിൽ ഇതുവരെ 17,570 കുടുംബങ്ങളേ പദ്ധതിയിൽ ചേർന്നിട്ടുള്ളൂ.

3 മെഗാവാട്ട് വരെ ശേഷിയുള്ള സോളർ പാനലുകൾ അർഹർക്ക് സൗജന്യമായി നൽകാനാണ് ക്യാബിനറ്റ് തീരുമാനമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. പിഎം സൂര്യ ഘർ ഗുണഭോക്താക്കൾക്ക് സബ്സിഡി ആനുകൂല്യം (ഇൻസെന്റീവ്) വിതരണം ചെയ്യുന്നതിലും ഡൽഹി സർക്കാർ മാറ്റംവരുത്തും. നിലവിൽ 5 വർഷംകൊണ്ടാണ് ഉപഭോക്താവിന് ഇൻസെന്റീവ് കിട്ടുന്നത്. ഇനി മുതൽ സോളർ പാനൽ സ്ഥാപിക്കുമ്പോൾതന്നെ മുൻകൂറായി ഇൻസെന്റീവ് നൽകും. 5 വർഷത്തെ സൗജന്യ മെയിന്റനൻസ് ഗ്യാരന്റിയും ഉറപ്പ് നൽകുന്നുണ്ട്. അതത് വെൻഡർമാരാണ് ഇതു നിറവേറ്റേണ്ടത്.

വീടുകളിൽ സോളർ പാനൽ വായ്ക്കുന്നവർക്ക് നിബന്ധനകളോടെ അപേക്ഷാ ചാർജുകൾ ഒഴിവാക്കാനും തീരുമാനിച്ചു. പുതിയ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പിഎം സൂര്യഘർ പദ്ധതി പ്രകാരം നേടാവുന്ന സബ്സിഡി തുകകളിൽ മാറ്റമില്ല. അധിക ഉൽപാദനം വൈദ്യുതി ബോർഡിന് കൈമാറി സാമ്പത്തിക നേട്ടവും നേടാം. 2027 മാർച്ചിനകം സംസ്ഥാനത്ത് മൊത്തം 2.27 ലക്ഷം സോളർ പാനൽ സ്ഥാപിച്ച് 500 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കുകയാണ് ഡൽഹി സർക്കാരിന്റെ ലക്ഷ്യം.

  • Share This Article
Drisya TV | Malayalam News