പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്ക്കെടുക്കും. ഇതുസംബന്ധിച്ച വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യബസ് മേഖലയ്ക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് ലഭിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ദീർഘദൂരപാതകളിൽ സ്വകാര്യ ആഡംബരബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതേരീതിയിൽ ഹ്രസ്വദൂര പാതകളിലേക്കും വാടകബസ്സുകൾ പരിഗണിക്കും. കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക. രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്നുവീതം അനുപാതത്തിൽ വാടകബസ്സുകൾ ഓടിക്കാനാണ് നിർദേശമെന്ന് സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്‌മകുമാർ പറഞ്ഞു.
പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗതനയം രൂപവത്കരിക്കണമെന്നും സമിതി ശുപാർശചെയ്യുന്നുണ്ട്. 12,000 സ്വകാര്യബസ്സുകളാണ് സംസ്ഥാനത്തുള്ളത്. പദ്ധതിയുടെ പശ്ചാത്തലത്തിൽ സ്വകാര്യബസ്സുകൾ സർവീസ് നിർത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ചില മേഖലകളിൽ സ്വകാര്യബസ്സുകൾ പ്രതിസന്ധി നേരിടുന്നുണ്ട്. സമിതിയുടെ മറ്റു ശുപാർശകളിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും -മന്ത്രി പറഞ്ഞു.