Drisya TV | Malayalam News

പ്രസവാവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തുന്ന വനിതാ ജീവനക്കാരിയുടെ തസ്തികയും ശമ്പളവും അതേപടി നിലനിർത്തണമെന്ന് ഡൽഹി ഹൈക്കോടതി 

 Web Desk    2 Sep 2026

പ്രസവാവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തുന്ന വനിതാ ജീവനക്കാരിയുടെ ശമ്പളവും തസ്തികയും മാത്രം സംരക്ഷിച്ചാൽ പോരെന്ന് ഡൽഹി ഹൈകോടതി. അവധി എടുക്കുന്നതിന് മുമ്പ് വഹിച്ചിരുന്ന തസ്തികയിൽ തന്നെ തിരിച്ചെടുക്കാൻ സാധാരണയായി അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സച്ചിൻ ദത്തയാണ് വിധി പ്രസ്താവിച്ചത്. ജോലിയുടെ സ്വഭാവം, ഗ്രേഡ്, പ്രവർത്തനപരമായ സ്ഥാനം, റിപ്പോർട്ടിങ് ഘടന, മേൽനോട്ട ചുമതലകൾ, പ്രകടന വിലയിരുത്തലിലും സ്ഥാനക്കയറ്റത്തിലും പരിഗണിക്കപ്പെടാനുള്ള അവസരം തുടങ്ങിയവയും മാതൃത്വ സംരക്ഷണത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു.

1961ലെ മാതൃത്വ ആനുകൂല്യ നിയമത്തിലെ സെക്ഷൻ 12(1) പ്രകാരമുള്ള സംരക്ഷണം ജോലി നഷ്ടപ്പെടുന്നതിൽനിന്നുള്ള സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തസ്തികയും ശമ്പളവും അതേപടി നിലനിർത്തുന്നത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ചാർട്ടേഡ് അക്കൗണ്ടന്റായ രാഖി ബിഷ്ട് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. 14 വർഷത്തോളം പ്രൊഫഷനൽ പരിചയമുള്ള ബിഷ്ട് 2022ൽ 2.6 ലക്ഷം രൂപ മാസശമ്പളത്തിൽ മാനേജരായി നിയമിതയായി. 2023 മേയിൽ ഗർഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ മറ്റൊരു ടീമിലേക്ക് മാറ്റിയെന്നാണ് പരാതി. 2023 ഡിസംബറിൽ പ്രസവാവധിയിൽ പോയ അവർ 2024 ജൂലൈയിൽ തിരിച്ചെത്തി. തുടർന്ന് പഴയ തസ്തിക ലഭ്യമല്ലെന്ന് അറിയിച്ച് മറ്റൊരു വിഭാഗത്തിൽ നിയമിച്ചെന്നും പുതിയ ചുമതല നേരത്തെയുണ്ടായിരുന്ന മാനേജീരിയൽ അക്കൗണ്ടിങ് ജോലിയിൽനിന്ന് വ്യത്യസ്തമായിരുന്നെന്നും ബിഷ്ട് ആരോപിച്ചു.

എന്നാൽ ശമ്പളം, തസ്തിക, സീനിയോറിറ്റി, മാനേജീരിയൽ പദവി എന്നിവയിൽ മാറ്റമുണ്ടായില്ലെന്നായിരുന്നു തൊഴിലുടമയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. പഴയ തസ്തികയിൽ തിരിച്ചെടുക്കുന്നത് പ്രായോഗികമല്ലെങ്കിൽ, സമാനമായ ശമ്പളം, പദവി, സീനിയോറിറ്റി, ഉത്തരവാദിത്തം, മാനേജീരിയൽ അധികാരം, സ്ഥാനക്കയറ്റ സാധ്യത, കരിയർ വളർച്ച എന്നിവയുള്ള തുല്യ തസ്തിക നൽകണമെന്നും കോടതി വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News