Drisya TV | Malayalam News

തിയറ്ററുകളിലെ കഫറ്റീരിയകളിൽ അമിതവില ഈടാക്കുന്നതിൽ കർശന ഇടപെടലുണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ്

 Web Desk    2 Sep 2026

മൾട്ടിപ്ലക്സ് അടക്കമുള്ള തിയറ്ററുകളിലെ കഫറ്റീരിയകളിൽ അമിതവില ഈടാക്കുന്നതിൽ കർശന ഇടപെടലുണ്ടാകുമെന്നും സർക്കാരിനു നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.

അതേസമയം, ഇക്കാര്യത്തിൽ സർക്കാരിനു ചില പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് പ്രതികരിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ചർച്ചയായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിനു തിയറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്‌ഥയാണെന്നും ആയിരുന്നു വി.വി. രാജേഷിന്റെ പ്രതികരണം.

തിയറ്ററുകളിലെ കഫറ്റീരിയകളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. അങ്ങനെയൊരു പട്ടിക ഉണ്ടെങ്കിൽ ആ വിലയ്ക്കാണ് വിൽപന നടത്തുന്നതെന്ന് ഉറപ്പാക്കും.

"അമിതവിലയാണ് തിയറ്ററുകളിലെ കഫറ്റീരിയകളിൽ ഈടാക്കുന്നത് എന്ന കാര്യം ശരിയാണ്. ആ വില അവിടെ പ്രദർശിപ്പിച്ചിരിക്കുകയാണ്. ലീഗൽ മെട്രോളജിക്കാർ നൽകിയ റിപ്പോർട്ട് പ്രകാരം മൾട്ടിപ്ലക്സ് തിയറ്ററുകാർക്ക് അവരുടെ തന്നെ കുപ്പിവെള്ളമുണ്ട്. ആ കുപ്പിവെള്ളത്തിന് 50 രൂപയും നൂറു രൂപയുമൊക്കെ ആയിരിക്കും. ആ കുപ്പിവെള്ളത്തിൽ ഒട്ടിച്ചിരിക്കുന്ന വിലയും അത് തന്നെയായിരിക്കും.

പുറത്തുനിന്നുള്ള കുപ്പിവെള്ളം മൾട്ടിപ്ലക്സുകളിൽ അനുവദിക്കില്ല. അത് മനുഷ്യാവകാശ ലംഘനമാണ്.എല്ലാവരും കുപ്പിവെള്ളം കുടിക്കണമെന്ന് നിർബന്ധം പറയാനാകില്ല.അസുഖങ്ങളൊക്കെ ഉള്ളവരുണ്ട്. അങ്ങനെയുള്ളവർ ഇളം ചൂടു വെള്ളമോ ജീരക വെള്ളമോ ഒക്കെയാകും ഫ്ലാസ്കിൽ കൊണ്ടുപോവുക. അത്തരത്തിൽ ധാരാളം പേരുണ്ട്. അവർ ഒരു കുപ്പിവെള്ളം കയ്യിൽ വച്ചാൽ തിയറ്ററിനുള്ളിൽ കയറ്റാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഉപഭോക്തൃ അവകാശത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണത്. ഇതൊരു ധാർമിക വിഷയം കൂടിയാണ്. ആ കടുംപിടിത്തത്തിൽനിന്നു തിയറ്ററുകാർ പിന്മാറണം. വെള്ളം പുറത്തുനിന്ന് കയറ്റില്ലെന്ന് ശാഠ്യം പിടിക്കുന്നതിൽ അർഥമില്ല. അത് ശരിയല്ലെന്ന സമീപനമാണ് സർക്കാരിനുള്ളത്. ആക്ഷേപങ്ങൾ തുടരെ തുടരെ വരുന്നതിന്റെ ഭാഗമായി നിയമപരമായി ചെയ്യാവുന്ന എല്ലാ നടപടികളും ഉപഭോക്തൃകാര്യ വകുപ്പ് പരിശോധിക്കും’’ – അനൂപ് ജേക്കബ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News