Drisya TV | Malayalam News

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു

 Web Desk    2 Sep 2026

കോഴിക്കോട് ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ മരിച്ചു. ചേവായൂർ മേലേ നടുക്കണ്ടിയിൽ രാരുവിന്റെ മകൻ സി.പി.സുരേന്ദ്രൻ (65) ആണ് മരിച്ചത്. അതേസമയം, സമീപത്ത് നിന്ന് അഞ്ച് ലീറ്ററിന്റെ കന്നാസ് കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു സംശയം ഉയർന്നു. മെഡിക്കൽ കോളജ് പൊലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയ്ക്കിടെയാണ് കന്നാസ് കണ്ടെത്തിയത്. ഇന്ധനം അൽപം ബാക്കിയുള്ള നിലയിലാണ് കന്നാസ് കണ്ടെത്തിയത്. ആത്മഹത്യ സാധ്യതയും പൊലീസ് പരിശോധിക്കുന്നു.

ബുധനാഴ്ച പുലർച്ചെ 4.45 ന് ചേവായൂർ മഠത്തിൽ മുക്കിനു സമീപമാണ് അപകടം ഉണ്ടായത്. വലിയ ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഒരു ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിച്ച ശേഷം എതിർവശത്തുള്ള മതിലിൽ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് സമീപത്തുനിന്ന് കന്നാസ് കണ്ടെത്തിയത്.

ഏകദേശം 15 മിനിറ്റോളം വാഹനം ആളിക്കത്തിയതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇതിനകം സുധാകരൻ മരിച്ചിരുന്നു. വാഹന–വസ്തു ഇടപാടുമായി ബന്ധപ്പെട്ട ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന സുരേന്ദ്രന്റെ വീടിനു സമീപമാണ് അപകടം ഉണ്ടായത്. ബിസിനസ് സംബന്ധമായ ആവശ്യത്തിന് പുലർച്ചെ വീട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.

കാറിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സുരേന്ദ്രന്റെ മൃതദേഹ ഭാഗങ്ങൾ മെഡിക്കൽ കോളജ് പൊലീസ് എത്തിയാണ് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹ ഭാഗങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

  • Share This Article
Drisya TV | Malayalam News