Drisya TV | Malayalam News

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു,സെപ്റ്റംബർ 5ന് രാജ്യവ്യാപകമായി സമരം നടത്തുമെന്ന് സിജെപി

 Web Desk    24 Aug 2026

സിജെപി വീണ്ടും കോക്രോച്ച് ജനത സമരത്തിനൊരുങ്ങുന്നു. ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 5ന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്നും സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 5ന് ഇന്ത്യാ ഗേറ്റിൽ ആരംഭിക്കുന്ന സമരം തുടർന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങും. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെയും പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥികളുടെയും കുടുംബങ്ങളും യുവാക്കളുടെ സംഘടനകളും യുവാക്കളും സമരത്തിൽ പങ്കാളികളാകുമെന്നാണ് കരുതുന്നതെന്നും സിജെപി വ്യക്തമാക്കി.

സിജെപി ദേശീയ വർക്കിങ് കമ്മിറ്റി യോഗത്തിലാണു സമരം വീണ്ടും തുടങ്ങാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ യുവാക്കൾക്കു നൽകിയ വാഗ്ദാനങ്ങളിൽ കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നടത്തിയ പുരോഗതി വിലയിരുത്തിയശേഷമായിരുന്നു തീരുമാനം. പൊതുജനങ്ങൾക്കു മുന്നിൽ വാഗ്ദാനങ്ങൾ നൽകി, ഒരു മാസം പിന്നിട്ടിട്ടും സർക്കാർ വാക്കു പാലിക്കാൻ തയാറായിട്ടില്ല. ഇക്കാര്യത്തിൽ സിജെപിക്ക് ആശങ്കയുണ്ട്. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനു പകരം, സർക്കാർ നടപടി വൈകിപ്പിക്കുകയാണ്. ഓഗസ്റ്റ് 18ന്, രാജ്യത്താകമാനം വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ റജിസ്‌റ്റർ ചെയ്ത എഫ്ഐആറുകളുടെ പട്ടിക സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനു കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാർ സിജെപിക്ക് എഴുതി തയാറാക്കി നൽകിയ വാക്കുകളും പാലിച്ചിട്ടില്ല.– സിജെപി ആരോപിച്ചു.

വാഗ്ദാനങ്ങൾ പാലിക്കുന്നത് സർക്കാർ അനന്തമായി വൈകിപ്പിക്കുന്നതിനാൽ സമാധാനപരവും ജനാധിപത്യപരവുമായി പ്രതിഷേധത്തിലേക്ക് തിരികെ വരുകയല്ലാതെ യുവാക്കൾക്ക് മറ്റു മാർഗമില്ല. ഞങ്ങളുടെ ക്ഷമയെ ദൗർബല്യമായി കണക്കാക്കരുത്. സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമായി മാറ്റിയെടുക്കാൻ അനുവദിക്കില്ല - സിജെപി വർക്കിങ് കമ്മിറ്റി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News