Drisya TV | Malayalam News

തമിഴക വെട്രി കഴകത്തിന് ഇന്ത്യാ സഖ്യത്തിൽ ചേരാൻ നിബന്ധനകളുമായി കോൺ​ഗ്രസ്

 Web Desk    24 Aug 2026

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ഇന്ത്യാ സഖ്യത്തിൽ ചേരാൻ നിബന്ധനകളുമായി കോൺ​ഗ്രസ്. ടിവികെയ്‌ക്ക് ലോക്‌സഭയിൽ സ്വന്തമായി ജനപ്രതിനിധികളും എം.പിമാരും ഉണ്ടായാൽ മാത്രമേ ഇന്ത്യാ സഖ്യത്തിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ ബി. മാണിക്കം ടാഗോർ എം.പി.പാർലമെന്റിൽ പ്രതിനിധികളില്ലാത്ത രാഷ്ട്രീയ പാർട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനപ്രതിനിധികളെ വിജയിപ്പിച്ചെടുത്ത ശേഷം ടിവികെയെ മുന്നണിയിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്ന ടിവികെ നേതാക്കളുടെ പ്രസ്താവനകളെയും മാണിക്കം ടാഗോർ വിമർശിച്ചു. ടിവികെ ഭാരവാഹികൾ ഇപ്പോഴും ഒരു ഫാൻസ് ക്ലബ്ബ് ശൈലിയിലാണ് പ്രവർത്തിക്കുന്നതെന്നും അത്തരം പ്രതികരണങ്ങൾ ഗൗരവമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാണിക്കം ടാഗോറിന്റെ നിലപാടിനോട് ടിവികെയും പ്രതികരിച്ചു. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പിമാരെ നേടിയ ശേഷം മാത്രമേ തങ്ങൾ ഇന്ത്യ മുന്നണിയുടെ ഭാഗമാകൂ എന്ന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമ്മൽ കുമാർ അറിയിച്ചു. എം.പിമാർ ഇല്ലാത്ത പാർട്ടികളെ ഉൾപ്പെടുത്തിയാൽ ആയിരക്കണക്കിന് പാർട്ടികളെ മുന്നണിയിൽ എടുക്കേണ്ടി വരുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News